യോശുവ 9 : 1 (IRVML)
എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാനിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോനെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും
യോശുവ 9 : 2 (IRVML)
ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.
യോശുവ 9 : 3 (IRVML)
യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു.
യോശുവ 9 : 4 (IRVML)
ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
യോശുവ 9 : 5 (IRVML)
പഴക്കംചെന്ന് കണ്ടംവെച്ച ചെരിപ്പുകളും പഴയവസ്ത്രങ്ങളും ധരിച്ച് പുറപ്പെട്ടു. അവരുടെ ഭക്ഷണത്തിനുള്ള അപ്പം ഉണങ്ങി പൂത്തിരുന്നു.
യോശുവ 9 : 6 (IRVML)
അവർ ഗില്ഗാൽ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരഷന്മാരോടും: “ഞങ്ങൾ ദൂരദേശത്തുനിന്ന് വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം“ എന്ന് പറഞ്ഞു.
യോശുവ 9 : 7 (IRVML)
യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്ന് പറഞ്ഞു.
യോശുവ 9 : 8 (IRVML)
അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെനിന്ന് വരുന്നു?“ എന്ന് ചോദിച്ചു.
യോശുവ 9 : 9 (IRVML)
അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ ഈജിപ്റ്റിൽ ചെയ്തതൊക്കെയും
യോശുവ 9 : 10 (IRVML)
ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ട് രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
യോശുവ 9 : 11 (IRVML)
അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്,ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.
യോശുവ 9 : 12 (IRVML)
ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.
യോശുവ 9 : 13 (IRVML)
ഞങ്ങൾ വീഞ്ഞു നിറെച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.
യോശുവ 9 : 14 (IRVML)
അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോട് ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി.
യോശുവ 9 : 15 (IRVML)
യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു.
യോശുവ 9 : 16 (IRVML)
ഉടമ്പടി ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു.
യോശുവ 9 : 17 (IRVML)
യിസ്രായേൽമക്കൾ യാത്രപുറപ്പെട്ട് മൂന്നാം ദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി.
യോശുവ 9 : 18 (IRVML)
അവരുടെപ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
യോശുവ 9 : 19 (IRVML)
പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.
യോശുവ 9 : 20 (IRVML)
നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്ന് പറഞ്ഞു.
യോശുവ 9 : 21 (IRVML)
പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം“ എന്ന് പറഞ്ഞു.
യോശുവ 9 : 22 (IRVML)
പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത് ?
യോശുവ 9 : 23 (IRVML)
ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; നിങ്ങൾ എല്ലാ കാലത്തുംഎന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ ആയിരിക്കും“ എന്ന് പറഞ്ഞു.
യോശുവ 9 : 24 (IRVML)
അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.
യോശുവ 9 : 25 (IRVML)
ഇപ്പോൾ ഇതാ, ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്ക് നല്ലതും യുക്തവുമായി തോന്നുന്നത് ഞങ്ങളോട് ചെയ്തുകൊൾക“ എന്ന് ഉത്തരം പറഞ്ഞു.
യോശുവ 9 : 26 (IRVML)
അങ്ങനെ യോശുവ, യിസ്രായേൽമക്കൾ അവരെ കൊല്ലാതെ, അവരുടെ കയ്യിൽനിന്ന് രക്ഷിച്ചു.
യോശുവ 9 : 27 (IRVML)
അന്ന് യോശുവ അവരെ സഭയ്ക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള യാഗപീഠത്തിനും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അത് ഇന്നുവരെയും തുടരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27