ന്യായാധിപന്മാർ 11 : 1 (IRVML)
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ പിതാവോ ഗിലെയാദ് ആയിരുന്നു.
ന്യായാധിപന്മാർ 11 : 2 (IRVML)
ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്ന് പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു.
ന്യായാധിപന്മാർ 11 : 3 (IRVML)
അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്ന് പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു.
ന്യായാധിപന്മാർ 11 : 4 (IRVML)
കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു.
ന്യായാധിപന്മാർ 11 : 5 (IRVML)
അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു.
ന്യായാധിപന്മാർ 11 : 6 (IRVML)
അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 7 (IRVML)
യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകെച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 8 (IRVML)
ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 9 (IRVML)
യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോട് യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ, നിങ്ങൾ എന്നെ തലവനാക്കുമോ എന്ന് ചോദിച്ചു.
ന്യായാധിപന്മാർ 11 : 10 (IRVML)
ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 11 (IRVML)
അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
ന്യായാധിപന്മാർ 11 : 12 (IRVML)
അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോട് യുദ്ധംചെയ്‌വാൻ എന്റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം എന്ന് പറയിച്ചു.
ന്യായാധിപന്മാർ 11 : 13 (IRVML)
അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 14 (IRVML)
യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,
ന്യായാധിപന്മാർ 11 : 15 (IRVML)
അവനോട് പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:
ന്യായാധിപന്മാർ 11 : 16 (IRVML)
യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ട് മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി.
ന്യായാധിപന്മാർ 11 : 17 (IRVML)
യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും എദോംരാജാവ് സമ്മതിച്ചില്ല; മോവാബ് രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
ന്യായാധിപന്മാർ 11 : 18 (IRVML)
അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ച് എദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നതിനാൽ മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല.
ന്യായാധിപന്മാർ 11 : 19 (IRVML)
പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച്“ നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു.
ന്യായാധിപന്മാർ 11 : 20 (IRVML)
എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധം ചെയ്തു.
ന്യായാധിപന്മാർ 11 : 21 (IRVML)
യിസ്രായേലിന്റെ ദൈവമായ യഹോവ ,സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച് ,ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
ന്യായാധിപന്മാർ 11 : 22 (IRVML)
അർന്നോൻ മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി.
ന്യായാധിപന്മാർ 11 : 23 (IRVML)
യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽ നിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?
ന്യായാധിപന്മാർ 11 : 24 (IRVML)
നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും.
ന്യായാധിപന്മാർ 11 : 25 (IRVML)
സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ?
ന്യായാധിപന്മാർ 11 : 26 (IRVML)
യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ,ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?
ന്യായാധിപന്മാർ 11 : 27 (IRVML)
ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
ന്യായാധിപന്മാർ 11 : 28 (IRVML)
എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.
ന്യായാധിപന്മാർ 11 : 29 (IRVML)
അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെ നിന്ന് അമ്മോന്യരുടെ നേരെ ചെന്നു.
ന്യായാധിപന്മാർ 11 : 30 (IRVML)
യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
ന്യായാധിപന്മാർ 11 : 31 (IRVML)
ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ ,എന്റെ വീട്ടുവാതില്ക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.
ന്യായാധിപന്മാർ 11 : 32 (IRVML)
ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.
ന്യായാധിപന്മാർ 11 : 33 (IRVML)
അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.
ന്യായാധിപന്മാർ 11 : 34 (IRVML)
എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ,ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.
ന്യായാധിപന്മാർ 11 : 35 (IRVML)
അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി,“ അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ “എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 36 (IRVML)
അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക “എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 11 : 37 (IRVML)
“എന്നാൽ ഒരു കാര്യം എനിക്കു വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസം തരേണം “എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു.
ന്യായാധിപന്മാർ 11 : 38 (IRVML)
അതിന് അവൻ : പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു.
ന്യായാധിപന്മാർ 11 : 39 (IRVML)
രണ്ടു മാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല.
ന്യായാധിപന്മാർ 11 : 40 (IRVML)
പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40