ന്യായാധിപന്മാർ 18 : 1 (IRVML)
അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ ആ സമയം തങ്ങൾക്ക് പാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം ലഭിച്ചിരുന്നില്ല.
ന്യായാധിപന്മാർ 18 : 2 (IRVML)
അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്ന് ദേശം ശോധനചെയ്യുവിൻ” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 3 (IRVML)
അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട് വരെ എത്തി, അവിടെ പാർത്തു. മീഖാവിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ട്, അവിടെ കയറിച്ചെന്ന് അവനോട്“ നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്ത് ചെയ്യുന്നു? നിനക്ക് ഇവിടെ എന്ത് കിട്ടും” എന്ന് ചോദിച്ചു.
ന്യായാധിപന്മാർ 18 : 4 (IRVML)
അവൻ അവരോട്: “മീഖാവ് എനിക്ക് ഇപ്രകാരം ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന് നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 5 (IRVML)
അവർ അവനോട്: “ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ, എന്ന് അറിയേണ്ടതിന് ദൈവത്തോട് ചോദിക്കേണം” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 6 (IRVML)
പുരോഹിതൻ അവരോട്: “സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്രയിൽ യഹോവയുടെ സാന്നിധ്യം ഉണ്ട്” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 7 (IRVML)
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ട് ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്ക് സംസർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി.
ന്യായാധിപന്മാർ 18 : 8 (IRVML)
പിന്നെ അവർ സോരയിലും എസ്തായോലിലുമുള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: “നിങ്ങൾ എന്ത് വർത്തമാനം കൊണ്ടുവരുന്നു ” എന്ന് ചോദിച്ചു. അതിന് അവർ: “എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;
ന്യായാധിപന്മാർ 18 : 9 (IRVML)
ആ ദേശം ബഹുവിശേഷം എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിന് പോകുവാൻ മടിക്കരുത്.
ന്യായാധിപന്മാർ 18 : 10 (IRVML)
നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അത് നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അത് ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നേ” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 11 (IRVML)
അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്ന് പുറപ്പെട്ടു.
ന്യായാധിപന്മാർ 18 : 12 (IRVML)
അവർ ചെന്ന് യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്ന് പേർ പറയുന്നു; അത് കിര്യത്ത്-യയാരീമിന്റെ പടിഞ്ഞാറുവശത്ത് ഇരിക്കുന്നു.
ന്യായാധിപന്മാർ 18 : 13 (IRVML)
അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്ക് ചെന്ന് മീഖാവിന്റെ വീട്ടിൽ എത്തി.
ന്യായാധിപന്മാർ 18 : 14 (IRVML)
അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ച് പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരോട്: “ഈ വീടുകളിൽ ഒരു ഏഫോദ്, ഒരു ഗൃഹബിംബം, കൊത്തുപണിയായ വിഗ്രഹം, വാർപ്പുപണിയായ വിഗ്രഹം എന്നിവ ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ചിന്തിച്ചുകൊൾവിൻ.”
ന്യായാധിപന്മാർ 18 : 15 (IRVML)
അവർ അങ്ങോട്ട് തിരിഞ്ഞ് മീഖാവിന്റെ വീട്ടിൽ താമസിക്കുന്ന ലേവ്യയുവാവിനെ അഭിവാദ്യം ചെയ്തു.
ന്യായാധിപന്മാർ 18 : 16 (IRVML)
യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു.
ന്യായാധിപന്മാർ 18 : 17 (IRVML)
ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന അഞ്ചുപേരും അകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
ന്യായാധിപന്മാർ 18 : 18 (IRVML)
മീഖാവിന്റെ വീട്ടിന്നകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ : “നിങ്ങൾ എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചു.
ന്യായാധിപന്മാർ 18 : 19 (IRVML)
അവർ അവനോട്: “മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിനു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത് ” എന്ന് ചോദിച്ചു.
ന്യായാധിപന്മാർ 18 : 20 (IRVML)
അപ്പോൾ പുരോഹിതൻ സന്തോഷിച്ച് ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് പടജ്ജനത്തിന്റെ നടുവിൽ നടന്നു.
ന്യായാധിപന്മാർ 18 : 21 (IRVML)
ഇങ്ങനെ അവർ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും വസ്തുവകകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
ന്യായാധിപന്മാർ 18 : 22 (IRVML)
അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ, മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.
ന്യായാധിപന്മാർ 18 : 23 (IRVML)
അവർ ദാന്യരെ ഉച്ചത്തിൽ വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: “നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്താണ് കാരണം?“ എന്ന് ചോദിച്ചു.
ന്യായാധിപന്മാർ 18 : 24 (IRVML)
“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ച് കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളു? നിനക്കു എന്ത് എന്ന് നിങ്ങൾ എന്നോടു ചോദിക്കുന്നത് എങ്ങനെ?” എന്ന് അവൻ പറഞ്ഞു.
ന്യായാധിപന്മാർ 18 : 25 (IRVML)
ദാന്യർ അവനോട്: “നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ കോപിഷ്ടരായ ജനം നിന്നോട് കോപിച്ച് നിന്റെയും നിന്റെ വീട്ടുകാരുടെയും ജീവൻ നഷ്ടമാകുവാൻ ഇടയാകും” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 18 : 26 (IRVML)
അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.
ന്യായാധിപന്മാർ 18 : 27 (IRVML)
മീഖാവ് ഉണ്ടാക്കിയവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ച് ചുട്ടുകളഞ്ഞു.
ന്യായാധിപന്മാർ 18 : 28 (IRVML)
അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു;
ന്യായാധിപന്മാർ 18 : 29 (IRVML)
യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
ന്യായാധിപന്മാർ 18 : 30 (IRVML)
ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ പുത്രൻ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് പുരോഹിതന്മാരായിരുന്നു.
ന്യായാധിപന്മാർ 18 : 31 (IRVML)
ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് പണിയിപ്പിച്ച വിഗ്രഹം അവർ വച്ച് പൂജിച്ചുപോന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31