ന്യായാധിപന്മാർ 21 : 1 (IRVML)
എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു.
ന്യായാധിപന്മാർ 21 : 2 (IRVML)
ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:
ന്യായാധിപന്മാർ 21 : 3 (IRVML)
“യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 21 : 4 (IRVML)
പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
ന്യായാധിപന്മാർ 21 : 5 (IRVML)
പിന്നെ യിസ്രായേൽമക്കൾ: “എല്ലാ യിസ്രായേൽ ഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
ന്യായാധിപന്മാർ 21 : 6 (IRVML)
എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽ നിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
ന്യായാധിപന്മാർ 21 : 7 (IRVML)
ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണം?” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 21 : 8 (IRVML)
“യിസ്രായേൽഗോത്രങ്ങളിൽ നിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി.
ന്യായാധിപന്മാർ 21 : 9 (IRVML)
ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.
ന്യായാധിപന്മാർ 21 : 10 (IRVML)
അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ”.
ന്യായാധിപന്മാർ 21 : 11 (IRVML)
ഇപ്രകാരം നിങ്ങൾ “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം.”
ന്യായാധിപന്മാർ 21 : 12 (IRVML)
അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്ക് കൊണ്ടുവന്നു.
ന്യായാധിപന്മാർ 21 : 13 (IRVML)
സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു.
ന്യായാധിപന്മാർ 21 : 14 (IRVML)
അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു;
ന്യായാധിപന്മാർ 21 : 15 (IRVML)
അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.
ന്യായാധിപന്മാർ 21 : 16 (IRVML)
“ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ” എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു.
ന്യായാധിപന്മാർ 21 : 17 (IRVML)
“യിസ്രായേലിൽ നിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം.
ന്യായാധിപന്മാർ 21 : 18 (IRVML)
എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.
ന്യായാധിപന്മാർ 21 : 19 (IRVML)
അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ ” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 21 : 20 (IRVML)
ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.
ന്യായാധിപന്മാർ 21 : 21 (IRVML)
ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ ” എന്ന് കല്പിച്ചു.
ന്യായാധിപന്മാർ 21 : 22 (IRVML)
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കു വേണ്ടി ,അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
ന്യായാധിപന്മാർ 21 : 23 (IRVML)
ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.
ന്യായാധിപന്മാർ 21 : 24 (IRVML)
ആ കാലയളവിൽ യിസ്രായേൽമക്കൾ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശ ഭൂമിയിൽ പാർത്തു.
ന്യായാധിപന്മാർ 21 : 25 (IRVML)
ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.
❮
❯