ന്യായാധിപന്മാർ 8 : 1 (IRVML)
അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്തു കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.
ന്യായാധിപന്മാർ 8 : 2 (IRVML)
അതിന്നു അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?
ന്യായാധിപന്മാർ 8 : 3 (IRVML)
നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
ന്യായാധിപന്മാർ 8 : 4 (IRVML)
അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.
ന്യായാധിപന്മാർ 8 : 5 (IRVML)
അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
ന്യായാധിപന്മാർ 8 : 6 (IRVML)
നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
ന്യായാധിപന്മാർ 8 : 7 (IRVML)
അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 8 (IRVML)
അവിടെനിന്ന് അവൻ പെനൂവേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.
ന്യായാധിപന്മാർ 8 : 9 (IRVML)
അവൻ പെനൂവേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 10 (IRVML)
അപ്പോൾ സേബഹും സൽമുന്നയും, കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരു ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.
ന്യായാധിപന്മാർ 8 : 11 (IRVML)
ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
ന്യായാധിപന്മാർ 8 : 12 (IRVML)
സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
ന്യായാധിപന്മാർ 8 : 13 (IRVML)
അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ
ന്യായാധിപന്മാർ 8 : 14 (IRVML)
സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
ന്യായാധിപന്മാർ 8 : 15 (IRVML)
അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന് : “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 16 (IRVML)
അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
ന്യായാധിപന്മാർ 8 : 17 (IRVML)
അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
ന്യായാധിപന്മാർ 8 : 18 (IRVML)
പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ തന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.
ന്യായാധിപന്മാർ 8 : 19 (IRVML)
അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 20 (IRVML)
പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ടു പേടിച്ച് വാൾ ഊരാതെ നിന്നു.
ന്യായാധിപന്മാർ 8 : 21 (IRVML)
അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
ന്യായാധിപന്മാർ 8 : 22 (IRVML)
അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാനരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 23 (IRVML)
ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ ഭരണകർത്താവ് എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 8 : 24 (IRVML)
പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.
ന്യായാധിപന്മാർ 8 : 25 (IRVML)
ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
ന്യായാധിപന്മാർ 8 : 26 (IRVML)
അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
ന്യായാധിപന്മാർ 8 : 27 (IRVML)
ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.
ന്യായാധിപന്മാർ 8 : 28 (IRVML)
എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിനു നാല്പതു വർഷം സ്വസ്ഥതയുണ്ടായി.
ന്യായാധിപന്മാർ 8 : 29 (IRVML)
യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്ന് സുഖമായി പാർത്തു.
ന്യായാധിപന്മാർ 8 : 30 (IRVML)
ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.
ന്യായാധിപന്മാർ 8 : 31 (IRVML)
ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
ന്യായാധിപന്മാർ 8 : 32 (IRVML)
യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
ന്യായാധിപന്മാർ 8 : 33 (IRVML)
ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
ന്യായാധിപന്മാർ 8 : 34 (IRVML)
യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.
ന്യായാധിപന്മാർ 8 : 35 (IRVML)
ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.
❮
❯