ന്യായാധിപന്മാർ 9 : 1 (IRVML)
[PS]അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും പറഞ്ഞത്:
ന്യായാധിപന്മാർ 9 : 2 (IRVML)
യെരുബ്ബാലിന്റെ എഴുപത് പുത്രന്മാർ എല്ലാവരും ചേർന്നോ ഒരുത്തൻ തന്നെയോ നിങ്ങളെ ഭരിക്കുന്നത്, ഏതാകുന്നു നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്ന് ശെഖേമിലെ സകലപൌരന്മാരോടും പറവിൻ.
ന്യായാധിപന്മാർ 9 : 3 (IRVML)
അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവനു വേണ്ടി സംസാരിച്ചപ്പോൾ,അവരുടെ ഹൃദയം അബീമേലെക്കിന് അനുകൂലമായി തിരിഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്ന് അവർ പറഞ്ഞു.
ന്യായാധിപന്മാർ 9 : 4 (IRVML)
പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്ക് നായകനായ്തീർന്നു.
ന്യായാധിപന്മാർ 9 : 5 (IRVML)
പിന്നെ അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽ വെച്ച് കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിവിൽ പോയതുകൊണ്ട് അവൻ മാത്രം ശേഷിച്ചു. [PE]
ന്യായാധിപന്മാർ 9 : 6 (IRVML)
[PS]അതിന്റെ ശേഷം ശെഖേമിലെയും ബേത് മില്ലോവിലേയും സകലപൌരന്മാരും ഒരുമിച്ചുകൂടി ശെഖേമിലെ തൂണിന്നരികെ, കരുവേലകത്തിനടുത്തുവച്ച് അബീമേലെക്കിനെ രാജാവാക്കി.
ന്യായാധിപന്മാർ 9 : 7 (IRVML)
ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്റെ വാക്ക് ശ്രദ്ധിപ്പിൻ
ന്യായാധിപന്മാർ 9 : 8 (IRVML)
ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 9 (IRVML)
അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ തൈലം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 10 (IRVML)
പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 11 (IRVML)
അതിന് അത്തിവൃക്ഷം: എന്റെ മധുരമുള്ള വിശേഷപ്പെട്ട പഴവും ഉപേക്ഷിച്ച് വൃക്ഷങ്ങളുടെ മേൽ ആടുവാൻ ഞാൻ പോകുമോ എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 12 (IRVML)
പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 13 (IRVML)
മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ മുന്തിരിരസം ഞാൻ ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 14 (IRVML)
പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 15 (IRVML)
മുൾപടർപ്പ് വൃക്ഷങ്ങളോട്: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ട് ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 16 (IRVML)
നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയത് വിശ്വസ്തമായും പരമാർത്ഥമായും ആയിരുന്നോ? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാണോ ചെയ്തത്? അവൻ അർഹിക്കുന്നതിന് തക്കവണ്ണമോ നിങ്ങൾ അവനോട് പ്രവർത്തിച്ചിട്ടുള്ളത്?
ന്യായാധിപന്മാർ 9 : 17 (IRVML)
എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്ത് മിദ്യാന്റെ കയ്യിൽനിന്ന് നിങ്ങളെ രക്ഷിച്ചിരിക്കെ
ന്യായാധിപന്മാർ 9 : 18 (IRVML)
നിങ്ങൾ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപത് പേരെയും ഒരു കല്ലിന്മേൽവെച്ച് കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൌരന്മാർക്ക് രാജാവാക്കുകയും ചെയ്തുവല്ലോ.
ന്യായാധിപന്മാർ 9 : 19 (IRVML)
ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർത്ഥതയും ആണെങ്കിൽ നിങ്ങൾ അബീമേലെക്കിലും അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.
ന്യായാധിപന്മാർ 9 : 20 (IRVML)
അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും ,നിങ്ങളിൽ നിന്ന് തീ പുറപ്പെട്ട് അവനെയും ദഹിപ്പിക്കട്ടെ.
ന്യായാധിപന്മാർ 9 : 21 (IRVML)
ഇങ്ങനെ പറഞ്ഞിട്ട് യോഥാം ഓടിപ്പോയി ബേരിലേക്ക് ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു. [PE]
ന്യായാധിപന്മാർ 9 : 22 (IRVML)
[PS]അബിമേലെക്ക് യിസ്രായേലിനെ മൂന്നു വർഷം ഭരിച്ചശേഷം
ന്യായാധിപന്മാർ 9 : 23 (IRVML)
ദൈവം അബീമേലെക്കിനും ശെഖേംപൌരന്മാർക്കും തമ്മിൽ ഭിന്നത വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോട് വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി;
ന്യായാധിപന്മാർ 9 : 24 (IRVML)
അങ്ങനെ യെരുബ്ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത കുറ്റത്തിന് പ്രതികാരം വരികയും,അതിന്റെ ഫലം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും, അതിന് അവനെ സഹായിച്ച ശെഖേം പൌരന്മാരും അനുഭവിക്കുകയും ചെയ്തു.
ന്യായാധിപന്മാർ 9 : 25 (IRVML)
ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി. [PE]
ന്യായാധിപന്മാർ 9 : 26 (IRVML)
[PS]അപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിലേക്ക് വന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു.
ന്യായാധിപന്മാർ 9 : 27 (IRVML)
അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന്, തിന്നുകുടിച്ച് അബീമേലെക്കിനെ ശപിച്ചു
ന്യായാധിപന്മാർ 9 : 28 (IRVML)
ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്? ശെഖേം ആര്? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന്? ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളെ സേവിക്കാം
ന്യായാധിപന്മാർ 9 : 29 (IRVML)
ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയുമായിരുന്നു.പിന്നെ അവൻ അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ച് പുറപ്പെട്ട് വരിക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 30 (IRVML)
ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകൾ നഗരാധിപനായ സെബൂൽ കേട്ടപ്പോൾ അവന്റെ കോപം ജ്വലിച്ചു.
ന്യായാധിപന്മാർ 9 : 31 (IRVML)
അവൻ രഹസ്യമായി അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിനക്കെതിരായി ബലപ്പെടുത്തുന്നു.
ന്യായാധിപന്മാർ 9 : 32 (IRVML)
ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരിപ്പിൻ.
ന്യായാധിപന്മാർ 9 : 33 (IRVML)
രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്കുക; എന്നാൽ അവനും കൂടെയുള്ള ജനവും നിന്റെ നേരെ പുറപ്പെടുമ്പോൾ, തക്കം പോലെ അവരോടു പ്രവർത്തിക്കാം എന്ന് പറയിച്ചു. [PE]
ന്യായാധിപന്മാർ 9 : 34 (IRVML)
[PS]അങ്ങനെ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
ന്യായാധിപന്മാർ 9 : 35 (IRVML)
ഏബെദിന്റെ മകൻ ഗാൽ പുറപ്പെട്ട് പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു.
ന്യായാധിപന്മാർ 9 : 36 (IRVML)
ഗാൽ ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്ന് നിനക്ക് തോന്നുന്നതാകുന്നു എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 37 (IRVML)
ഗാൽ പിന്നെയും: അതാ, ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടം ലക്ഷണവിദ്യക്കാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 38 (IRVML)
സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 39 (IRVML)
അങ്ങനെ ഗാൽ ശെഖേംപൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി.
ന്യായാധിപന്മാർ 9 : 40 (IRVML)
അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു.
ന്യായാധിപന്മാർ 9 : 41 (IRVML)
അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു.
ന്യായാധിപന്മാർ 9 : 42 (IRVML)
പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ചു അറിവുകിട്ടിയപ്പോൾ,
ന്യായാധിപന്മാർ 9 : 43 (IRVML)
അവൻ തന്റെ ജനത്തെ കൂട്ടി മൂന്നായി ഭാഗിച്ചു വയലിൽ പതിയിരുന്നു; പട്ടണത്തിൽനിന്ന് ജനം പുറപ്പെട്ടുവരുന്നത് കണ്ട് അവരുടെ നേരെ ചെന്ന് അവരെ ആക്രമിച്ചു.
ന്യായാധിപന്മാർ 9 : 44 (IRVML)
പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.
ന്യായാധിപന്മാർ 9 : 45 (IRVML)
അബീമേലെക്ക് ആ ദിവസം മുഴുവനും പട്ടണത്തോട് പടവെട്ടി, പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു, അതിൽ ഉപ്പു വിതറി. [PE]
ന്യായാധിപന്മാർ 9 : 46 (IRVML)
[PS]ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
ന്യായാധിപന്മാർ 9 : 47 (IRVML)
ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.
ന്യായാധിപന്മാർ 9 : 48 (IRVML)
അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്റെ ജനത്തോട്: ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്വിൻ എന്ന് പറഞ്ഞു.
ന്യായാധിപന്മാർ 9 : 49 (IRVML)
ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പ് വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്ന് മണ്ഡപത്തിന്നരികെ ഇട്ട് തീ കൊടുത്തു, മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി. [PE]
ന്യായാധിപന്മാർ 9 : 50 (IRVML)
[PS]അനന്തരം അബീമേലെക്ക് തേബെസിലേക്ക് ചെന്ന് തേബെസിന് വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
ന്യായാധിപന്മാർ 9 : 51 (IRVML)
പട്ടണത്തിന്നകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് സകല പുരുഷന്മാരും സ്ത്രീകളും, പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്ന് വാതിൽ അടെച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
ന്യായാധിപന്മാർ 9 : 52 (IRVML)
അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന് തീ കൊടുത്ത് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന്നടുത്ത് ചെന്നു.
ന്യായാധിപന്മാർ 9 : 53 (IRVML)
അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു.
ന്യായാധിപന്മാർ 9 : 54 (IRVML)
ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ച്: ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോട് പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
ന്യായാധിപന്മാർ 9 : 55 (IRVML)
അബീമേലെക്ക് മരിച്ചുപോയി എന്ന് കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.
ന്യായാധിപന്മാർ 9 : 56 (IRVML)
അബീമേലെക്ക് തന്റെ എഴുപത് സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ഇങ്ങനെ പകരം നൽകി.
ന്യായാധിപന്മാർ 9 : 57 (IRVML)
ശെഖേംനിവാസികളുടെ സകല ദുഷ്ടതകൾക്കുമുള്ള അനുഭവം ദൈവം അവർക്ക് തിരികെ നൽകി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു. [PE]
❮
❯