വിലാപങ്ങൾ 4 : 1 (IRVML)
അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു.
വിലാപങ്ങൾ 4 : 2 (IRVML)
തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
വിലാപങ്ങൾ 4 : 3 (IRVML)
കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
വിലാപങ്ങൾ 4 : 4 (IRVML)
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
വിലാപങ്ങൾ 4 : 5 (IRVML)
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
വിലാപങ്ങൾ 4 : 6 (IRVML)
സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
വിലാപങ്ങൾ 4 : 7 (IRVML)
അവളുടെ പ്രഭുക്കന്മാർ ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
വിലാപങ്ങൾ 4 : 8 (IRVML)
അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
വിലാപങ്ങൾ 4 : 9 (IRVML)
വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
വിലാപങ്ങൾ 4 : 10 (IRVML)
കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ട് പാകം ചെയ്തു, എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിൽ അവർ ആഹാരമായിരുന്നു.
വിലാപങ്ങൾ 4 : 11 (IRVML)
യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
വിലാപങ്ങൾ 4 : 12 (IRVML)
വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
വിലാപങ്ങൾ 4 : 13 (IRVML)
അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,
വിലാപങ്ങൾ 4 : 14 (IRVML)
അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
വിലാപങ്ങൾ 4 : 15 (IRVML)
‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും.
വിലാപങ്ങൾ 4 : 16 (IRVML)
യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
വിലാപങ്ങൾ 4 : 17 (IRVML)
സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
വിലാപങ്ങൾ 4 : 18 (IRVML)
ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
വിലാപങ്ങൾ 4 : 19 (IRVML)
ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
വിലാപങ്ങൾ 4 : 20 (IRVML)
ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; “അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും ” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
വിലാപങ്ങൾ 4 : 21 (IRVML)
ഊസ് ദേശത്ത് പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേയ്ക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നേ നഗ്നയാക്കും.
വിലാപങ്ങൾ 4 : 22 (IRVML)
സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല; എദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22