ലേവ്യപുസ്തകം 1 : 1 (IRVML)
യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:
ലേവ്യപുസ്തകം 1 : 2 (IRVML)
“നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കൊണ്ടുവരണം.
ലേവ്യപുസ്തകം 1 : 3 (IRVML)
“ ‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അർപ്പിക്കണം.
ലേവ്യപുസ്തകം 1 : 4 (IRVML)
അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വയ്ക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സ്വീകാര്യമാകും.
ലേവ്യപുസ്തകം 1 : 5 (IRVML)
അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
ലേവ്യപുസ്തകം 1 : 6 (IRVML)
അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം.
ലേവ്യപുസ്തകം 1 : 7 (IRVML)
പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം.
ലേവ്യപുസ്തകം 1 : 8 (IRVML)
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.
ലേവ്യപുസ്തകം 1 : 9 (IRVML)
അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകം 1 : 10 (IRVML)
“ ‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം.
ലേവ്യപുസ്തകം 1 : 11 (IRVML)
അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
ലേവ്യപുസ്തകം 1 : 12 (IRVML)
അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.
ലേവ്യപുസ്തകം 1 : 13 (IRVML)
കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
ലേവ്യപുസ്തകം 1 : 14 (IRVML)
“ ‘യഹോവയ്ക്ക് അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം.
ലേവ്യപുസ്തകം 1 : 15 (IRVML)
പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം.
ലേവ്യപുസ്തകം 1 : 16 (IRVML)
അതിന്റെ ആമാശയം മലത്തോടുകൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം.
ലേവ്യപുസ്തകം 1 : 17 (IRVML)
അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അതു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17