ലേവ്യപുസ്തകം 17 : 1 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ലേവ്യപുസ്തകം 17 : 2 (IRVML)
“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യഹോവ കല്പിച്ച കാര്യം ഇതാകുന്നു:
ലേവ്യപുസ്തകം 17 : 3 (IRVML)
യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും
ലേവ്യപുസ്തകം 17 : 4 (IRVML)
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയണം.
ലേവ്യപുസ്തകം 17 : 5 (IRVML)
യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.
ലേവ്യപുസ്തകം 17 : 6 (IRVML)
പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
ലേവ്യപുസ്തകം 17 : 7 (IRVML)
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.’
ലേവ്യപുസ്തകം 17 : 8 (IRVML)
“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കുകയും
ലേവ്യപുസ്തകം 17 : 9 (IRVML)
അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
ലേവ്യപുസ്തകം 17 : 10 (IRVML)
യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.
ലേവ്യപുസ്തകം 17 : 11 (IRVML)
മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.
ലേവ്യപുസ്തകം 17 : 12 (IRVML)
അതുകൊണ്ടത്രേ “നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് ” എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.
ലേവ്യപുസ്തകം 17 : 13 (IRVML)
“ ‘യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഭക്ഷിക്കാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടണം.
ലേവ്യപുസ്തകം 17 : 14 (IRVML)
സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവന് ആധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോട്: “യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത്” എന്നു കല്പിച്ചത്; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയണം.
ലേവ്യപുസ്തകം 17 : 15 (IRVML)
സ്വാഭാവികമായി ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ ഭക്ഷിക്കുന്നവനെല്ലാം സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.
ലേവ്യപുസ്തകം 17 : 16 (IRVML)
വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കണം.’ ”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16