ലേവ്യപുസ്തകം 7 : 1 (IRVML)
“ ‘അകൃത്യയാഗത്തിന്റെ പ്രമാണമാണിത്: അത് അതിവിശുദ്ധം.
ലേവ്യപുസ്തകം 7 : 2 (IRVML)
ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കണം; അതിന്റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
ലേവ്യപുസ്തകം 7 : 3 (IRVML)
അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും
ലേവ്യപുസ്തകം 7 : 4 (IRVML)
അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത്
ലേവ്യപുസ്തകം 7 : 5 (IRVML)
പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കണം; അത് അകൃത്യയാഗം.
ലേവ്യപുസ്തകം 7 : 6 (IRVML)
പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അതു തിന്നണം; അത് അതിവിശുദ്ധം.
ലേവ്യപുസ്തകം 7 : 7 (IRVML)
പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നു തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
ലേവ്യപുസ്തകം 7 : 8 (IRVML)
പുരോഹിതൻ ഒരുവന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിന്റെ തോല് പുരോഹിതനുള്ളതായിരിക്കണം.
ലേവ്യപുസ്തകം 7 : 9 (IRVML)
അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
ലേവ്യപുസ്തകം 7 : 10 (IRVML)
എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും തുല്യമായിരിക്കണം.
ലേവ്യപുസ്തകം 7 : 11 (IRVML)
“ ‘യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആണിത്:
ലേവ്യപുസ്തകം 7 : 12 (IRVML)
അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
ലേവ്യപുസ്തകം 7 : 13 (IRVML)
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കണം.
ലേവ്യപുസ്തകം 7 : 14 (IRVML)
ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
ലേവ്യപുസ്തകം 7 : 15 (IRVML)
എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
ലേവ്യപുസ്തകം 7 : 16 (IRVML)
അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അതു തിന്നണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം.
ലേവ്യപുസ്തകം 7 : 17 (IRVML)
യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.
ലേവ്യപുസ്തകം 7 : 18 (IRVML)
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കണം.
ലേവ്യപുസ്തകം 7 : 19 (IRVML)
ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.
ലേവ്യപുസ്തകം 7 : 20 (IRVML)
എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
ലേവ്യപുസ്തകം 7 : 21 (IRVML)
മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.’ ”
ലേവ്യപുസ്തകം 7 : 22 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ലേവ്യപുസ്തകം 7 : 23 (IRVML)
“നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്.
ലേവ്യപുസ്തകം 7 : 24 (IRVML)
സ്വാഭാവികമായി ചത്തതിന്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്.
ലേവ്യപുസ്തകം 7 : 25 (IRVML)
യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയണം.
ലേവ്യപുസ്തകം 7 : 26 (IRVML)
നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.
ലേവ്യപുസ്തകം 7 : 27 (IRVML)
വല്ല രക്തവും ഭക്ഷിക്കുന്നത് ആരു തന്നെയായാലും അവന്റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയണം.’ ”
ലേവ്യപുസ്തകം 7 : 28 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ലേവ്യപുസ്തകം 7 : 29 (IRVML)
“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരണം.
ലേവ്യപുസ്തകം 7 : 30 (IRVML)
സ്വന്തകൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
ലേവ്യപുസ്തകം 7 : 31 (IRVML)
പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം.
ലേവ്യപുസ്തകം 7 : 32 (IRVML)
നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കണം.
ലേവ്യപുസ്തകം 7 : 33 (IRVML)
അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം.
ലേവ്യപുസ്തകം 7 : 34 (IRVML)
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.’ ”
ലേവ്യപുസ്തകം 7 : 35 (IRVML)
ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.
ലേവ്യപുസ്തകം 7 : 36 (IRVML)
യിസ്രായേൽമക്കൾ നെഞ്ചും കൈക്കുറകും അവർക്കു കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
ലേവ്യപുസ്തകം 7 : 37 (IRVML)
ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.
ലേവ്യപുസ്തകം 7 : 38 (IRVML)
യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.
❮
❯