മീഖാ 7 : 1 (IRVML)
എനിക്ക് അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല.
മീഖാ 7 : 2 (IRVML)
ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തൻ അവനവന്റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു.
മീഖാ 7 : 3 (IRVML)
ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ ആലോചന കഴിക്കുന്നു.
മീഖാ 7 : 4 (IRVML)
അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ ഭയങ്കരൻ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നെ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.
മീഖാ 7 : 5 (IRVML)
കൂട്ടുകാരനെ വിശ്വസിക്കരുത്; സ്നേഹിതനിൽ ആശ്രയിക്കരുത്; നിന്റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം നിന്റെ വായുടെ കതക് കാത്തുകൊള്ളുക.
മീഖാ 7 : 6 (IRVML)
മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ.
മീഖാ 7 : 7 (IRVML)
ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.
മീഖാ 7 : 8 (IRVML)
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.
മീഖാ 7 : 9 (IRVML)
യഹോവ എന്റെ വ്യവഹാരം നടത്തി എനിക്ക് ന്യായം പാലിച്ചുതരുവോളം ഞാൻ അവിടുത്തെ ക്രോധം വഹിക്കും; ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും ഞാൻ അവിടുത്തെ നീതി കണ്ട് സന്തോഷിക്കുകയും ചെയ്യും.
മീഖാ 7 : 10 (IRVML)
എന്റെ ശത്രു അത് കാണും; “നിന്റെ ദൈവമായ യഹോവ എവിടെ” എന്ന് എന്നോട് പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
മീഖാ 7 : 11 (IRVML)
നിന്റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: ആ നാളിൽ നിന്റെ അതിരുകൾ വിശാലമാകും.
മീഖാ 7 : 12 (IRVML)
ആ നാളിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിന്റെപട്ടണങ്ങളിൽനിന്നും ഈജിപ്റ്റ് മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.
മീഖാ 7 : 13 (IRVML)
എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
മീഖാ 7 : 14 (IRVML)
കർമ്മേലിന്റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും അങ്ങയുടെ അവകാശവുമായി, അങ്ങയുടെ ജനമായ ആട്ടിൻകൂട്ടത്തെ അങ്ങയുടെ കോൽകൊണ്ട് മേയിക്കണമേ; പുരാതനകാലത്ത് എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
മീഖാ 7 : 15 (IRVML)
“നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും”.
മീഖാ 7 : 16 (IRVML)
രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വയ്ക്കുകയും ചെകിടരായ്ത്തീരുകയും ചെയ്യും.
മീഖാ 7 : 17 (IRVML)
അവർ പാമ്പിനെപ്പോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്ന് വിറച്ചുകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും, നിങ്ങൾ നിമിത്തം ഭയപ്പെടുകയും ചെയ്യും.
മീഖാ 7 : 18 (IRVML)
അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന അങ്ങയോട് സമനായ ദൈവം ആരുള്ളു? അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്.
മീഖാ 7 : 19 (IRVML)
അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
മീഖാ 7 : 20 (IRVML)
പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത അവിടുന്ന് യാക്കോബിനോടും അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20