നെഹെമ്യാവു 13 : 1 (IRVML)
അന്ന് ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുത്;
നെഹെമ്യാവു 13 : 2 (IRVML)
അവർ അപ്പവും വെള്ളവും കൊണ്ട് യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവർക്ക് വിരോധമായി ബിലെയാമിനെ കൂലിക്ക് വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
നെഹെമ്യാവു 13 : 3 (IRVML)
ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽ നിന്ന് വേർപിരിച്ചു.
നെഹെമ്യാവു 13 : 4 (IRVML)
അതിന് മുമ്പെ തന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്ക് മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.
നെഹെമ്യാവു 13 : 5 (IRVML)
മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു.
നെഹെമ്യാവു 13 : 6 (IRVML)
ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ട്
നെഹെമ്യാവു 13 : 7 (IRVML)
ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേയ്ക്ക് വന്നപ്പോൾ, എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്ത ദോഷം ഞാൻ അറിഞ്ഞു.
നെഹെമ്യാവു 13 : 8 (IRVML)
അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ട് ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്ന് പുറത്ത് എറിഞ്ഞുകളഞ്ഞു.
നെഹെമ്യാവു 13 : 9 (IRVML)
പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകൾ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
നെഹെമ്യാവു 13 : 10 (IRVML)
ലേവ്യർക്കുള്ള ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ അവരവരുടെ നിലത്തിലേയ്ക്ക് പൊയ്ക്കളഞ്ഞു എന്ന് ഞാൻ അറിഞ്ഞ്
നെഹെമ്യാവു 13 : 11 (IRVML)
പ്രമാണികളെ ശാസിച്ചു: “ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത്? ” എന്ന് ചോദിച്ച് അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്ത് നിർത്തി.
നെഹെമ്യാവു 13 : 12 (IRVML)
പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേയ്ക്ക് കൊണ്ടുവന്നു.
നെഹെമ്യാവു 13 : 13 (IRVML)
ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്ക് സഹായിയായിട്ട് മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും വിശ്വസ്തരെന്ന് എണ്ണി, ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി അവരെ നിയമിച്ചു; തങ്ങളുടെ സഹോദരന്മാർക്ക് പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ചുമതല.
നെഹെമ്യാവു 13 : 14 (IRVML)
‘എന്റെ ദൈവമേ, ഇത് എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ’.
നെഹെമ്യാവു 13 : 15 (IRVML)
ആ കാലത്ത് യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്ക് ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ യെരൂശലേമിലേയ്ക്ക് കൊണ്ടുവരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി.
നെഹെമ്യാവു 13 : 16 (IRVML)
സോര്യരും അവിടെ പാർത്ത് മത്സ്യവും വിവിധസാധനങ്ങളും കൊണ്ടുവന്ന് ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.
നെഹെമ്യാവു 13 : 17 (IRVML)
അതുകൊണ്ട് ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; “നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്?
നെഹെമ്യാവു 13 : 18 (IRVML)
നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു ” എന്ന് അവരോട് പറഞ്ഞു.
നെഹെമ്യാവു 13 : 19 (IRVML)
പിന്നെ ശബ്ബത്തിന് മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ട് പരക്കുമ്പോൾ വാതിലുകൾ അടയ്ക്കുവാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിക്കുവാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്ത് കടത്താതിരിക്കേണ്ടതിന് വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.
നെഹെമ്യാവു 13 : 20 (IRVML)
അതുകൊണ്ട് കച്ചവടക്കാരും വിവിധ സാധനങ്ങൾ വില്ക്കുന്നവരും ഒന്നുരണ്ട് തവണ യെരൂശലേമിന് പുറത്ത് രാപാർത്തു.
നെഹെമ്യാവു 13 : 21 (IRVML)
ആകയാൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി: “നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും ഇത് ആവർത്തിച്ചാൽ ഞാൻ നിങ്ങളെ പിടിക്കും” എന്ന് അവരോട് പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയായി.
നെഹെമ്യാവു 13 : 22 (IRVML)
ലേവ്യരോട് ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്ന് വാതിലുകളെ കാക്കുകയും ചെയ്യുവാൻ കല്പിച്ചു. ‘എന്റെ ദൈവമേ, ഈ കാര്യത്തിലും എന്നെ ഓർത്ത് അങ്ങയുടെ മഹാദയപ്രകാരം എന്നോട് കനിവ് തോന്നേണമേ.
നെഹെമ്യാവു 13 : 23 (IRVML)
ആ കാലത്ത് അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു.
നെഹെമ്യാവു 13 : 24 (IRVML)
അവരുടെ മക്കളിൽ പകുതിപ്പേർ അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതത് ജാതിയുടെ ഭാഷയല്ലാതെ, യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞിരുന്നില്ല.
നെഹെമ്യാവു 13 : 25 (IRVML)
അവരെ ഞാൻ ശാസിച്ച് ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു.“ നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത്” എന്ന് ആജ്ഞാപിച്ച് അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.
നെഹെമ്യാവു 13 : 26 (IRVML)
യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന് പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ച് പാപം ചെയ്യിച്ചുവല്ലോ.
നെഹെമ്യാവു 13 : 27 (IRVML)
നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോട് അതിക്രമം കാട്ടി, ഈ വലിയ ദോഷം ഒക്കെയും ചെയ്യുവാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്ന് പറഞ്ഞു.
നെഹെമ്യാവു 13 : 28 (IRVML)
യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽ നിന്ന് ഓടിച്ചുകളഞ്ഞു.
നെഹെമ്യാവു 13 : 29 (IRVML)
‘എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവർക്ക് കണക്കിടേണമേ’.
നെഹെമ്യാവു 13 : 30 (IRVML)
ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന് അവരവരുടെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്ക് വിറകുവഴിപാടും
നെഹെമ്യാവു 13 : 31 (IRVML)
ആദ്യഫലവും നിയമിക്കയും ചെയ്തു. ‘എന്റെ ദൈവമേ, ഇത് എനിക്ക് നന്മയ്ക്കായിട്ട് ഓർക്കണമേ’.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31