നെഹെമ്യാവു 6 : 1 (IRVML)
എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ
നെഹെമ്യാവു 6 : 2 (IRVML)
സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ച്: “വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക” എന്ന് പറയിച്ചു. എന്നോട് ദോഷം ചെയ്വാനായിരുന്നു അവർ നിരൂപിച്ചത്.
നെഹെമ്യാവു 6 : 3 (IRVML)
ഞാൻ അവരുടെ അടുക്കലേയ്ക്ക് ദൂതന്മാരെ അയച്ചു: “ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ട് വരുവാൻ കഴിവില്ല; ഞാൻ വേല വിട്ട് നിങ്ങളുടെ അടുക്കൽ വന്ന് അതിന് മുടക്കം വരുത്തുന്നത് എന്തിന്” എന്ന് പറയിച്ചു.
നെഹെമ്യാവു 6 : 4 (IRVML)
അവർ നാല് പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നെ മറുപടി പറഞ്ഞയച്ചു.
നെഹെമ്യാവു 6 : 5 (IRVML)
അഞ്ചാം പ്രാവശ്യവും അങ്ങനെ തന്നെ സൻബല്ലത്ത് തന്റെ ഭൃത്യനെ, തുറന്ന ഒരു കത്തുമായി എന്റെ അടുക്കൽ അയച്ചു.
നെഹെമ്യാവു 6 : 6 (IRVML)
അതിൽ എഴുതിയിരുന്നത്: “നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവർക്ക് രാജാവാകുവാൻ പോകുന്നു എന്ന് കേൾക്കുന്നു.
നെഹെമ്യാവു 6 : 7 (IRVML)
‘യെഹൂദയിൽ ഒരു രാജാവ് ഉണ്ടെന്ന് നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്ന് ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ കൂടിയാലോചിക്കാം”.
നെഹെമ്യാവു 6 : 8 (IRVML)
അതിന് ഞാൻ അവന്റെ അടുക്കൽ ആളയച്ച്: “നീ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല; അത് നിന്റെ സ്വയം സങ്കല്പം മാത്രമാകുന്നു” എന്ന് പറയിച്ചു.
നെഹെമ്യാവു 6 : 9 (IRVML)
‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
നെഹെമ്യാവു 6 : 10 (IRVML)
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; “നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരുന്നതിനാൽ, നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്ത് കടന്ന് വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും” എന്ന് പറഞ്ഞു.
നെഹെമ്യാവു 6 : 11 (IRVML)
അതിന് ഞാൻ: “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? തന്റെ ജീവരക്ഷെക്കായി മന്ദിരത്തിലേക്ക് ഓടിപ്പോകുമോ? ഞാൻ പോകയില്ല” എന്ന് പറഞ്ഞു.
നെഹെമ്യാവു 6 : 12 (IRVML)
ദൈവം അവനെ അയച്ചിട്ടില്ലെന്നും തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതിനാലാണ് അവൻ എനിക്ക് വിരോധമായി പ്രവചിച്ചത് എന്നും എനിക്ക് മനസ്സിലായി.
നെഹെമ്യാവു 6 : 13 (IRVML)
ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു.
നെഹെമ്യാവു 6 : 14 (IRVML)
“എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്ക് തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റ് പ്രവാചകന്മാരെയും ഓർക്കേണമേ”.
നെഹെമ്യാവു 6 : 15 (IRVML)
ഇങ്ങനെ മതിൽ അമ്പത്തിരണ്ട് ദിവസം പണിത് എലൂൽമാസം ഇരുപത്തഞ്ചാം തീയതി തീർത്തു.
നെഹെമ്യാവു 6 : 16 (IRVML)
ഞങ്ങളുടെ സകലശത്രുക്കളും അത് കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്ക് തന്നെ നിസ്സാരന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്ന് അവർ ഗ്രഹിച്ചു.
നെഹെമ്യാവു 6 : 17 (IRVML)
ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽ നിന്ന് തോബീയാവിനും അവനിൽ നിന്ന് അവർക്കും അനേകം കത്തുകൾ ലഭിച്ചിരുന്നു.
നെഹെമ്യാവു 6 : 18 (IRVML)
അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകൻ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതിനാലും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
നെഹെമ്യാവു 6 : 19 (IRVML)
അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാൻ തോബീയാവ് കത്തുകൾ അയച്ചുകൊണ്ടിരുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19