സംഖ്യാപുസ്തകം 14 : 1 (IRVML)
അപ്പോൾ സഭ ആസകലംതീവ്ര ദു:ഖത്താൽ ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രി മുഴുവനും കരഞ്ഞു.
സംഖ്യാപുസ്തകം 14 : 2 (IRVML)
യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ആസകലം അവരോട്: “ഈജിപ്റ്റിൽവച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
സംഖ്യാപുസ്തകം 14 : 3 (IRVML)
വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്ന് പറഞ്ഞു.
സംഖ്യാപുസ്തകം 14 : 4 (IRVML)
നാം ഒരു നായകനെ തിരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു.
സംഖ്യാപുസ്തകം 14 : 5 (IRVML)
അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പിൽ കവിണ്ണുവീണു.
സംഖ്യാപുസ്തകം 14 : 6 (IRVML)
ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി,
സംഖ്യാപുസ്തകം 14 : 7 (IRVML)
യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു.
സംഖ്യാപുസ്തകം 14 : 8 (IRVML)
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.
സംഖ്യാപുസ്തകം 14 : 9 (IRVML)
യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.
സംഖ്യാപുസ്തകം 14 : 10 (IRVML)
എന്നാൽ ‘അവരെ കല്ലെറിയണം’ എന്ന് സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.
സംഖ്യാപുസ്തകം 14 : 11 (IRVML)
യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യത്തിൽ ചെയ്തിട്ടുള്ള സകല അടയാളങ്ങളും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
സംഖ്യാപുസ്തകം 14 : 12 (IRVML)
ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 14 : 13 (IRVML)
മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ ഈജിപ്റ്റുകാർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ.
സംഖ്യാപുസ്തകം 14 : 14 (IRVML)
അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്റെ മദ്ധ്യത്തിൽ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും ഈജിപ്റ്റുകാർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
സംഖ്യാപുസ്തകം 14 : 15 (IRVML)
അങ്ങ് ഇപ്പോൾ ഈ ജനത്തെ മുഴുവനും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
സംഖ്യാപുസ്തകം 14 : 16 (IRVML)
‘ഈ ജനത്തോട് സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു’ എന്ന് പറയും.
സംഖ്യാപുസ്തകം 14 : 17 (IRVML)
യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ;
സംഖ്യാപുസ്തകം 14 : 18 (IRVML)
എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങയുടെ ശക്തി വലുതായിരിക്കണമേ.
സംഖ്യാപുസ്തകം 14 : 19 (IRVML)
അങ്ങയുടെ മഹാദയയ്ക്കു തക്കവണ്ണം ഈജിപ്റ്റ്മുതൽ ഇവിടംവരെ ഈ ജനത്തോട് അങ്ങ് ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കണമേ”.
സംഖ്യാപുസ്തകം 14 : 20 (IRVML)
അതിന് യഹോവ അരുളിച്ചെയ്തത്: “നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.
സംഖ്യാപുസ്തകം 14 : 21 (IRVML)
എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കും.
സംഖ്യാപുസ്തകം 14 : 22 (IRVML)
എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ച് ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്ത് പ്രാവശ്യം എന്നെ പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
സംഖ്യാപുസ്തകം 14 : 23 (IRVML)
അവരുടെ പിതാക്കന്മാരോട് ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല; എന്നെ നിരസിച്ചവർ ആരും അത് കാണുകയില്ല.
സംഖ്യാപുസ്തകം 14 : 24 (IRVML)
എന്റെ ദാസനായ കാലേബോ, അവന് വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അത് കൈവശമാക്കും.
സംഖ്യാപുസ്തകം 14 : 25 (IRVML)
എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകുവിൻ”.
സംഖ്യാപുസ്തകം 14 : 26 (IRVML)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 14 : 27 (IRVML)
“ഈ ദുഷ്ടസഭ എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.
സംഖ്യാപുസ്തകം 14 : 28 (IRVML)
ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് അവരോട് പറയുവിൻ.
സംഖ്യാപുസ്തകം 14 : 29 (IRVML)
ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപത് വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി
സംഖ്യാപുസ്തകം 14 : 30 (IRVML)
എന്റെ നേരെ പിറുപിറുത്ത നിങ്ങളിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്ന് സത്യം ചെയ്ത ദേശത്ത് കടക്കുകയില്ല.
സംഖ്യാപുസ്തകം 14 : 31 (IRVML)
എന്നാൽ കൊള്ളയായിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.
സംഖ്യാപുസ്തകം 14 : 32 (IRVML)
എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.
സംഖ്യാപുസ്തകം 14 : 33 (IRVML)
നിങ്ങളിൽ അവസാനത്തെ ആൾ ഈ മരുഭൂമിയിൽ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ ഇടയരായി സഞ്ചരിക്കും;
സംഖ്യാപുസ്തകം 14 : 34 (IRVML)
ദേശം ഒറ്റു നോക്കിയ നാല്പത് ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പത് സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകൽച്ച അറിയും.
സംഖ്യാപുസ്തകം 14 : 35 (IRVML)
എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”.
സംഖ്യാപുസ്തകം 14 : 36 (IRVML)
ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞ് സഭ മുഴുവനും അവന് വിരോധമായി പിറുപിറുക്കുവാൻ കാരണം ആയവരും,
സംഖ്യാപുസ്തകം 14 : 37 (IRVML)
ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ട് മരിച്ചു.
സംഖ്യാപുസ്തകം 14 : 38 (IRVML)
എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ പുത്രൻ കാലേബും മരിച്ചില്ല.
സംഖ്യാപുസ്തകം 14 : 39 (IRVML)
പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കൾ എല്ലാവരോടും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
സംഖ്യാപുസ്തകം 14 : 40 (IRVML)
പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്ന് പറഞ്ഞ് മലമുകളിൽ കയറി.
സംഖ്യാപുസ്തകം 14 : 41 (IRVML)
അപ്പോൾ മോശെ: “നിങ്ങൾ എന്തിന് യഹോവയുടെ കല്പന ലംഘിക്കുന്നു? അത് സാദ്ധ്യമാകുകയില്ല.
സംഖ്യാപുസ്തകം 14 : 42 (IRVML)
ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
സംഖ്യാപുസ്തകം 14 : 43 (IRVML)
അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ട് പിന്തിരിഞ്ഞിരിക്കുന്നതുകൊണ്ട് യഹോവ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയില്ല ” എന്ന് പറഞ്ഞു.
സംഖ്യാപുസ്തകം 14 : 44 (IRVML)
എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്ന് പുറപ്പെട്ടതും ഇല്ല.
സംഖ്യാപുസ്തകം 14 : 45 (IRVML)
അനന്തരം മലയിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ച് ഹോർമ്മാവരെ അവരെ ഛിന്നിച്ച് ഓടിച്ചുകളഞ്ഞു.
❮
❯