സംഖ്യാപുസ്തകം 18 : 1 (IRVML)
പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും, നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കണം.
സംഖ്യാപുസ്തകം 18 : 2 (IRVML)
നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ നിന്റെ സഹോദരന്മാരും നിന്നോടുകൂടി അടുത്തുവരണം. അവർ നിന്നോട് ചേർന്ന് നിനക്ക് ശുശ്രൂഷ ചെയ്യണം; നീയും നിന്റെ പുത്രന്മാരും സാക്ഷ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യണം.
സംഖ്യാപുസ്തകം 18 : 3 (IRVML)
അവർ നിനക്കും കൂടാരത്തിലെ ശുശ്രൂഷയ്ക്കും ആവശ്യമുള്ള ചുമതലകൾ നിർവഹിക്കണം; എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്.
സംഖ്യാപുസ്തകം 18 : 4 (IRVML)
അവർ നിന്നോട് ചേർന്ന് സമാഗമനകൂടാരം സംബന്ധിച്ച സകലവേലയ്ക്കുമായി കൂടാരത്തിന്റെ കാര്യം നോക്കണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്.
സംഖ്യാപുസ്തകം 18 : 5 (IRVML)
യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന് വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും ചുമതലകൾ നിങ്ങൾ നിർവഹിക്കണം.
സംഖ്യാപുസ്തകം 18 : 6 (IRVML)
ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്ക് ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്നു.
സംഖ്യാപുസ്തകം 18 : 7 (IRVML)
ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷചെയ്യണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കണം”.
സംഖ്യാപുസ്തകം 18 : 8 (IRVML)
യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 18 : 9 (IRVML)
തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ആയിരിക്കണം.
സംഖ്യാപുസ്തകം 18 : 10 (IRVML)
അതിവിശുദ്ധവസ്തുവായിട്ട് അത് ഭക്ഷിക്കണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കണം.
സംഖ്യാപുസ്തകം 18 : 11 (IRVML)
യിസ്രായേൽമക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
സംഖ്യാപുസ്തകം 18 : 12 (IRVML)
എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായ സകലവും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന എല്ലാ ആദ്യഫലവും ഞാൻ നിനക്ക് തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 18 : 13 (IRVML)
അവർ അവരുടെ ദേശത്തെ എല്ലാറ്റിൽനിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
സംഖ്യാപുസ്തകം 18 : 14 (IRVML)
യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്ക് ആയിരിക്കണം.
സംഖ്യാപുസ്തകം 18 : 15 (IRVML)
മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന എല്ലാ കടിഞ്ഞൂലും നിനക്ക് ആയിരിക്കണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കണം.
സംഖ്യാപുസ്തകം 18 : 16 (IRVML)
വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കൽ ഒന്നിന് ഇരുപത് ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.
സംഖ്യാപുസ്തകം 18 : 17 (IRVML)
എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.
സംഖ്യാപുസ്തകം 18 : 18 (IRVML)
നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ആയിരിക്കണം.
സംഖ്യാപുസ്തകം 18 : 19 (IRVML)
യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു അലംഘ്യനിയമം ആകുന്നു”.
സംഖ്യാപുസ്തകം 18 : 20 (IRVML)
യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു ” എന്ന് അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 18 : 21 (IRVML)
ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
സംഖ്യാപുസ്തകം 18 : 22 (IRVML)
യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.
സംഖ്യാപുസ്തകം 18 : 23 (IRVML)
ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.
സംഖ്യാപുസ്തകം 18 : 24 (IRVML)
യിസ്രായേൽമക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് ” എന്ന് ഞാൻ അവരോട് കല്പിച്ചിരിക്കുന്നു.
സംഖ്യാപുസ്തകം 18 : 25 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 18 : 26 (IRVML)
“നീ ലേവ്യരോട് ഇപ്രകാരം പറയണം: യിസ്രായേൽമക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
സംഖ്യാപുസ്തകം 18 : 27 (IRVML)
നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും.
സംഖ്യാപുസ്തകം 18 : 28 (IRVML)
ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം.
സംഖ്യാപുസ്തകം 18 : 29 (IRVML)
നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
സംഖ്യാപുസ്തകം 18 : 30 (IRVML)
ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും.
സംഖ്യാപുസ്തകം 18 : 31 (IRVML)
അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള പ്രതിഫലംആകുന്നു.
സംഖ്യാപുസ്തകം 18 : 32 (IRVML)
അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരുകയുമില്ല”.
❮
❯