സംഖ്യാപുസ്തകം 21 : 1 (IRVML)
യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്ന് തെക്കെ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ്രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി.
സംഖ്യാപുസ്തകം 21 : 2 (IRVML)
അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “ഈ ജനത്തെ അവിടുന്ന് എന്റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്ന് യഹോവയോട് ശപഥം ചെയ്തു.
സംഖ്യാപുസ്തകം 21 : 3 (IRVML)
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്ന് പേരായി.
സംഖ്യാപുസ്തകം 21 : 4 (IRVML)
പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിൽ നിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു.
സംഖ്യാപുസ്തകം 21 : 5 (IRVML)
ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്ന് പറഞ്ഞു.
സംഖ്യാപുസ്തകം 21 : 6 (IRVML)
അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
സംഖ്യാപുസ്തകം 21 : 7 (IRVML)
ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം ” എന്ന് പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.
സംഖ്യാപുസ്തകം 21 : 8 (IRVML)
യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്ന് പറഞ്ഞു.
സംഖ്യാപുസ്തകം 21 : 9 (IRVML)
അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.
സംഖ്യാപുസ്തകം 21 : 10 (IRVML)
അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 21 : 11 (IRVML)
ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട് സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 21 : 12 (IRVML)
അവിടെനിന്ന് പുറപ്പെട്ട് സാരേദ് താഴ്വരയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 21 : 13 (IRVML)
അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്റെ അതിരായിരുന്നു. അതുകൊണ്ട്:
സംഖ്യാപുസ്തകം 21 : 14 (IRVML)
“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
സംഖ്യാപുസ്തകം 21 : 15 (IRVML)
മോവാബിന്റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”
സംഖ്യാപുസ്തകം 21 : 16 (IRVML)
എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ”.
സംഖ്യാപുസ്തകം 21 : 17 (IRVML)
ആ സമയത്ത് യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിനു പാടുവിൻ.
സംഖ്യാപുസ്തകം 21 : 18 (IRVML)
പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും അവരുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ” എന്നുള്ള പാട്ട് പാടി.
സംഖ്യാപുസ്തകം 21 : 19 (IRVML)
പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന്
സംഖ്യാപുസ്തകം 21 : 20 (IRVML)
ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.
സംഖ്യാപുസ്തകം 21 : 21 (IRVML)
അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:
സംഖ്യാപുസ്തകം 21 : 22 (IRVML)
“ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽകൂടി തന്നെ പൊയ്ക്കൊള്ളാം ” എന്ന് പറയിച്ചു.
സംഖ്യാപുസ്തകം 21 : 23 (IRVML)
എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധം ചെയ്തു.
സംഖ്യാപുസ്തകം 21 : 24 (IRVML)
യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിര് ഉറപ്പുള്ളത് ആയിരുന്നു.
സംഖ്യാപുസ്തകം 21 : 25 (IRVML)
ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും അപ്രകാരം തന്നെ.
സംഖ്യാപുസ്തകം 21 : 26 (IRVML)
ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.
സംഖ്യാപുസ്തകം 21 : 27 (IRVML)
അതുകൊണ്ട് കവിവരന്മാർ പറയുന്നത്: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
സംഖ്യാപുസ്തകം 21 : 28 (IRVML)
ഹെശ്ബോനിൽനിന്ന് തീയും സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
സംഖ്യാപുസ്തകം 21 : 29 (IRVML)
മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.
സംഖ്യാപുസ്തകം 21 : 30 (IRVML)
ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
സംഖ്യാപുസ്തകം 21 : 31 (IRVML)
ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.
സംഖ്യാപുസ്തകം 21 : 32 (IRVML)
അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
സംഖ്യാപുസ്തകം 21 : 33 (IRVML)
പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ട് എദ്രെയിൽ വച്ച് യുദ്ധം ചെയ്തു.
സംഖ്യാപുസ്തകം 21 : 34 (IRVML)
അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും ” എന്ന് അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 21 : 35 (IRVML)
അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും നിശ്ശേഷം കൊന്നൊടുക്കി, അവന്റെ ദേശം കൈവശമാക്കുകയും ചെയ്തു.
❮
❯