സദൃശ്യവാക്യങ്ങൾ 4 : 1 (IRVML)
മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
സദൃശ്യവാക്യങ്ങൾ 4 : 2 (IRVML)
ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
സദൃശ്യവാക്യങ്ങൾ 4 : 3 (IRVML)
ഞാൻ എന്റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
സദൃശ്യവാക്യങ്ങൾ 4 : 4 (IRVML)
അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 5 (IRVML)
ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
സദൃശ്യവാക്യങ്ങൾ 4 : 6 (IRVML)
അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും;
സദൃശ്യവാക്യങ്ങൾ 4 : 7 (IRVML)
ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
സദൃശ്യവാക്യങ്ങൾ 4 : 8 (IRVML)
അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
സദൃശ്യവാക്യങ്ങൾ 4 : 9 (IRVML)
അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
സദൃശ്യവാക്യങ്ങൾ 4 : 10 (IRVML)
മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
സദൃശ്യവാക്യങ്ങൾ 4 : 11 (IRVML)
ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
സദൃശ്യവാക്യങ്ങൾ 4 : 12 (IRVML)
നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
സദൃശ്യവാക്യങ്ങൾ 4 : 13 (IRVML)
പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
സദൃശ്യവാക്യങ്ങൾ 4 : 14 (IRVML)
ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
സദൃശ്യവാക്യങ്ങൾ 4 : 15 (IRVML)
അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക.
സദൃശ്യവാക്യങ്ങൾ 4 : 16 (IRVML)
അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
സദൃശ്യവാക്യങ്ങൾ 4 : 17 (IRVML)
ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 4 : 18 (IRVML)
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
സദൃശ്യവാക്യങ്ങൾ 4 : 19 (IRVML)
ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.
സദൃശ്യവാക്യങ്ങൾ 4 : 20 (IRVML)
മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക; എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 21 (IRVML)
അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
സദൃശ്യവാക്യങ്ങൾ 4 : 22 (IRVML)
അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
സദൃശ്യവാക്യങ്ങൾ 4 : 23 (IRVML)
സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
സദൃശ്യവാക്യങ്ങൾ 4 : 24 (IRVML)
വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
സദൃശ്യവാക്യങ്ങൾ 4 : 25 (IRVML)
നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 4 : 26 (IRVML)
നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 4 : 27 (IRVML)
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27