സങ്കീർത്തനങ്ങൾ 104 : 1 (IRVML)
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
സങ്കീർത്തനങ്ങൾ 104 : 2 (IRVML)
വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 3 (IRVML)
അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 4 (IRVML)
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 5 (IRVML)
അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 6 (IRVML)
നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
സങ്കീർത്തനങ്ങൾ 104 : 7 (IRVML)
അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
സങ്കീർത്തനങ്ങൾ 104 : 8 (IRVML)
മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
സങ്കീർത്തനങ്ങൾ 104 : 9 (IRVML)
ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
സങ്കീർത്തനങ്ങൾ 104 : 10 (IRVML)
അവൻ ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
സങ്കീർത്തനങ്ങൾ 104 : 11 (IRVML)
അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
സങ്കീർത്തനങ്ങൾ 104 : 12 (IRVML)
അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 104 : 13 (IRVML)
അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
സങ്കീർത്തനങ്ങൾ 104 : 14 (IRVML)
അവൻ മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
സങ്കീർത്തനങ്ങൾ 104 : 15 (IRVML)
അവൻ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 16 (IRVML)
യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
സങ്കീർത്തനങ്ങൾ 104 : 17 (IRVML)
അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
സങ്കീർത്തനങ്ങൾ 104 : 18 (IRVML)
ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
സങ്കീർത്തനങ്ങൾ 104 : 19 (IRVML)
അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
സങ്കീർത്തനങ്ങൾ 104 : 20 (IRVML)
നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
സങ്കീർത്തനങ്ങൾ 104 : 21 (IRVML)
ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 22 (IRVML)
സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 23 (IRVML)
മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
സങ്കീർത്തനങ്ങൾ 104 : 24 (IRVML)
യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 25 (IRVML)
വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
സങ്കീർത്തനങ്ങൾ 104 : 26 (IRVML)
അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
സങ്കീർത്തനങ്ങൾ 104 : 27 (IRVML)
തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം നിന്നെ കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 28 (IRVML)
നീ കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
സങ്കീർത്തനങ്ങൾ 104 : 29 (IRVML)
തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
സങ്കീർത്തനങ്ങൾ 104 : 30 (IRVML)
നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖം പുതുക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 31 (IRVML)
യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 104 : 32 (IRVML)
അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
സങ്കീർത്തനങ്ങൾ 104 : 33 (IRVML)
എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും.
സങ്കീർത്തനങ്ങൾ 104 : 34 (IRVML)
എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
സങ്കീർത്തനങ്ങൾ 104 : 35 (IRVML)
പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35