സങ്കീർത്തനങ്ങൾ 105 : 1 (IRVML)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.
സങ്കീർത്തനങ്ങൾ 105 : 2 (IRVML)
അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
സങ്കീർത്തനങ്ങൾ 105 : 3 (IRVML)
അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 105 : 4 (IRVML)
യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ; അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
സങ്കീർത്തനങ്ങൾ 105 : 5 (IRVML)
അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,
സങ്കീർത്തനങ്ങൾ 105 : 6 (IRVML)
അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.
സങ്കീർത്തനങ്ങൾ 105 : 7 (IRVML)
അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.
സങ്കീർത്തനങ്ങൾ 105 : 8 (IRVML)
അവൻ തന്റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.
സങ്കീർത്തനങ്ങൾ 105 : 9 (IRVML)
അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
സങ്കീർത്തനങ്ങൾ 105 : 10 (IRVML)
അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
സങ്കീർത്തനങ്ങൾ 105 : 11 (IRVML)
“നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 12 (IRVML)
അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു.
സങ്കീർത്തനങ്ങൾ 105 : 13 (IRVML)
അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
സങ്കീർത്തനങ്ങൾ 105 : 14 (IRVML)
അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
സങ്കീർത്തനങ്ങൾ 105 : 15 (IRVML)
“എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 16 (IRVML)
അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി; ഭക്ഷണമില്ലാതെ ജനം വലഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 17 (IRVML)
അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
സങ്കീർത്തനങ്ങൾ 105 : 18 (IRVML)
യഹോവയുടെ വചനം നിവൃത്തിയാകുകയും അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം
സങ്കീർത്തനങ്ങൾ 105 : 19 (IRVML)
അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 20 (IRVML)
രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.
സങ്കീർത്തനങ്ങൾ 105 : 21 (IRVML)
അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും
സങ്കീർത്തനങ്ങൾ 105 : 22 (IRVML)
തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.
സങ്കീർത്തനങ്ങൾ 105 : 23 (IRVML)
അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.
സങ്കീർത്തനങ്ങൾ 105 : 24 (IRVML)
ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 25 (IRVML)
തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 26 (IRVML)
അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
സങ്കീർത്തനങ്ങൾ 105 : 27 (IRVML)
ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
സങ്കീർത്തനങ്ങൾ 105 : 28 (IRVML)
അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; അവർ അവന്റെ വചനത്തോട് മറുത്തുനിന്നു;
സങ്കീർത്തനങ്ങൾ 105 : 29 (IRVML)
അവൻ അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 30 (IRVML)
അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 31 (IRVML)
അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു;
സങ്കീർത്തനങ്ങൾ 105 : 32 (IRVML)
അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.
സങ്കീർത്തനങ്ങൾ 105 : 33 (IRVML)
അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.
സങ്കീർത്തനങ്ങൾ 105 : 34 (IRVML)
അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,
സങ്കീർത്തനങ്ങൾ 105 : 35 (IRVML)
അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 36 (IRVML)
അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
സങ്കീർത്തനങ്ങൾ 105 : 37 (IRVML)
അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
സങ്കീർത്തനങ്ങൾ 105 : 38 (IRVML)
അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു.
സങ്കീർത്തനങ്ങൾ 105 : 39 (IRVML)
അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.
സങ്കീർത്തനങ്ങൾ 105 : 40 (IRVML)
അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.
സങ്കീർത്തനങ്ങൾ 105 : 41 (IRVML)
അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
സങ്കീർത്തനങ്ങൾ 105 : 42 (IRVML)
അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.
സങ്കീർത്തനങ്ങൾ 105 : 43 (IRVML)
അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.
സങ്കീർത്തനങ്ങൾ 105 : 44 (IRVML)
അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്
സങ്കീർത്തനങ്ങൾ 105 : 45 (IRVML)
അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിക്കുവിൻ.
❮
❯