സങ്കീർത്തനങ്ങൾ 106 : 1 (IRVML)
യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളത്.
സങ്കീർത്തനങ്ങൾ 106 : 2 (IRVML)
യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?
സങ്കീർത്തനങ്ങൾ 106 : 3 (IRVML)
ന്യായം പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 106 : 4 (IRVML)
യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
സങ്കീർത്തനങ്ങൾ 106 : 5 (IRVML)
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
സങ്കീർത്തനങ്ങൾ 106 : 6 (IRVML)
ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
സങ്കീർത്തനങ്ങൾ 106 : 7 (IRVML)
ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
സങ്കീർത്തനങ്ങൾ 106 : 8 (IRVML)
എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 106 : 9 (IRVML)
അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
സങ്കീർത്തനങ്ങൾ 106 : 10 (IRVML)
പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
സങ്കീർത്തനങ്ങൾ 106 : 11 (IRVML)
വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
സങ്കീർത്തനങ്ങൾ 106 : 12 (IRVML)
അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു; അവന് സ്തുതിപാടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 106 : 13 (IRVML)
എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
സങ്കീർത്തനങ്ങൾ 106 : 14 (IRVML)
മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
സങ്കീർത്തനങ്ങൾ 106 : 15 (IRVML)
അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
സങ്കീർത്തനങ്ങൾ 106 : 16 (IRVML)
പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
സങ്കീർത്തനങ്ങൾ 106 : 17 (IRVML)
ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
സങ്കീർത്തനങ്ങൾ 106 : 18 (IRVML)
അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106 : 19 (IRVML)
അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
സങ്കീർത്തനങ്ങൾ 106 : 20 (IRVML)
ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.
സങ്കീർത്തനങ്ങൾ 106 : 21 (IRVML)
ഈജിപ്റ്റിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
സങ്കീർത്തനങ്ങൾ 106 : 22 (IRVML)
ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
സങ്കീർത്തനങ്ങൾ 106 : 23 (IRVML)
ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
സങ്കീർത്തനങ്ങൾ 106 : 24 (IRVML)
അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനം വിശ്വസിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 106 : 25 (IRVML)
അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
സങ്കീർത്തനങ്ങൾ 106 : 26 (IRVML)
അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
സങ്കീർത്തനങ്ങൾ 106 : 27 (IRVML)
അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
സങ്കീർത്തനങ്ങൾ 106 : 28 (IRVML)
അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു.
സങ്കീർത്തനങ്ങൾ 106 : 29 (IRVML)
ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
സങ്കീർത്തനങ്ങൾ 106 : 30 (IRVML)
അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 106 : 31 (IRVML)
അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 106 : 32 (IRVML)
മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
സങ്കീർത്തനങ്ങൾ 106 : 33 (IRVML)
അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
സങ്കീർത്തനങ്ങൾ 106 : 34 (IRVML)
യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല.
സങ്കീർത്തനങ്ങൾ 106 : 35 (IRVML)
അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
സങ്കീർത്തനങ്ങൾ 106 : 36 (IRVML)
അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.
സങ്കീർത്തനങ്ങൾ 106 : 37 (IRVML)
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
സങ്കീർത്തനങ്ങൾ 106 : 38 (IRVML)
അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
സങ്കീർത്തനങ്ങൾ 106 : 39 (IRVML)
ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
സങ്കീർത്തനങ്ങൾ 106 : 40 (IRVML)
അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.
സങ്കീർത്തനങ്ങൾ 106 : 41 (IRVML)
അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു.
സങ്കീർത്തനങ്ങൾ 106 : 42 (IRVML)
അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
സങ്കീർത്തനങ്ങൾ 106 : 43 (IRVML)
പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
സങ്കീർത്തനങ്ങൾ 106 : 44 (IRVML)
എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു.
സങ്കീർത്തനങ്ങൾ 106 : 45 (IRVML)
അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; തന്റെ മഹാദയയാൽ മനസ്സുമാറ്റി.
സങ്കീർത്തനങ്ങൾ 106 : 46 (IRVML)
അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവു തോന്നുമാറാക്കി.
സങ്കീർത്തനങ്ങൾ 106 : 47 (IRVML)
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
സങ്കീർത്തനങ്ങൾ 106 : 48 (IRVML)
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിക്കുവിൻ.
❮
❯