സങ്കീർത്തനങ്ങൾ 109 : 1 (IRVML)
എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
സങ്കീർത്തനങ്ങൾ 109 : 2 (IRVML)
ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 3 (IRVML)
അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 4 (IRVML)
എന്റെ സ്നേഹത്തിനു പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 5 (IRVML)
നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 6 (IRVML)
നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 7 (IRVML)
അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
സങ്കീർത്തനങ്ങൾ 109 : 8 (IRVML)
അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 9 (IRVML)
അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
സങ്കീർത്തനങ്ങൾ 109 : 10 (IRVML)
അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
സങ്കീർത്തനങ്ങൾ 109 : 11 (IRVML)
കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
സങ്കീർത്തനങ്ങൾ 109 : 12 (IRVML)
അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
സങ്കീർത്തനങ്ങൾ 109 : 13 (IRVML)
അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;
സങ്കീർത്തനങ്ങൾ 109 : 14 (IRVML)
അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
സങ്കീർത്തനങ്ങൾ 109 : 15 (IRVML)
അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.
സങ്കീർത്തനങ്ങൾ 109 : 16 (IRVML)
അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
സങ്കീർത്തനങ്ങൾ 109 : 17 (IRVML)
ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
സങ്കീർത്തനങ്ങൾ 109 : 18 (IRVML)
അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 19 (IRVML)
ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 20 (IRVML)
ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
സങ്കീർത്തനങ്ങൾ 109 : 21 (IRVML)
നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ; നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 109 : 22 (IRVML)
ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 23 (IRVML)
ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
സങ്കീർത്തനങ്ങൾ 109 : 24 (IRVML)
എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 25 (IRVML)
ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 26 (IRVML)
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 109 : 27 (IRVML)
യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ.
സങ്കീർത്തനങ്ങൾ 109 : 28 (IRVML)
അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; നിന്റെ ദാസനായ അടിയനോ സന്തോഷിക്കും;
സങ്കീർത്തനങ്ങൾ 109 : 29 (IRVML)
എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതുപോലെ അവർ ലജ്ജ പുതയ്ക്കും.
സങ്കീർത്തനങ്ങൾ 109 : 30 (IRVML)
ഞാൻ എന്റെ വായ് കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
സങ്കീർത്തനങ്ങൾ 109 : 31 (IRVML)
അവൻ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
❮
❯