സങ്കീർത്തനങ്ങൾ 18 : 1 (IRVML)
എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 2 (IRVML)
യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
സങ്കീർത്തനങ്ങൾ 18 : 3 (IRVML)
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 18 : 4 (IRVML)
മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
സങ്കീർത്തനങ്ങൾ 18 : 5 (IRVML)
പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു.
സങ്കീർത്തനങ്ങൾ 18 : 6 (IRVML)
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി.
സങ്കീർത്തനങ്ങൾ 18 : 7 (IRVML)
ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
സങ്കീർത്തനങ്ങൾ 18 : 8 (IRVML)
അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി; അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു; തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.
സങ്കീർത്തനങ്ങൾ 18 : 9 (IRVML)
അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു.
സങ്കീർത്തനങ്ങൾ 18 : 10 (IRVML)
അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.
സങ്കീർത്തനങ്ങൾ 18 : 11 (IRVML)
അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
സങ്കീർത്തനങ്ങൾ 18 : 12 (IRVML)
അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.
സങ്കീർത്തനങ്ങൾ 18 : 13 (IRVML)
യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
സങ്കീർത്തനങ്ങൾ 18 : 14 (IRVML)
അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.
സങ്കീർത്തനങ്ങൾ 18 : 15 (IRVML)
യഹോവേ, നിന്റെ ശാസനയാലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
സങ്കീർത്തനങ്ങൾ 18 : 16 (IRVML)
അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
സങ്കീർത്തനങ്ങൾ 18 : 17 (IRVML)
എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു.
സങ്കീർത്തനങ്ങൾ 18 : 18 (IRVML)
എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
സങ്കീർത്തനങ്ങൾ 18 : 19 (IRVML)
അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
സങ്കീർത്തനങ്ങൾ 18 : 20 (IRVML)
യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.
സങ്കീർത്തനങ്ങൾ 18 : 21 (IRVML)
ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
സങ്കീർത്തനങ്ങൾ 18 : 22 (IRVML)
അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
സങ്കീർത്തനങ്ങൾ 18 : 23 (IRVML)
ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
സങ്കീർത്തനങ്ങൾ 18 : 24 (IRVML)
യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
സങ്കീർത്തനങ്ങൾ 18 : 25 (IRVML)
ദയാലുവോട് നീ ദയാലു ആകുന്നു; നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
സങ്കീർത്തനങ്ങൾ 18 : 26 (IRVML)
നിർമ്മലനോട് നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 27 (IRVML)
എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
സങ്കീർത്തനങ്ങൾ 18 : 28 (IRVML)
നീ എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
സങ്കീർത്തനങ്ങൾ 18 : 29 (IRVML)
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
സങ്കീർത്തനങ്ങൾ 18 : 30 (IRVML)
ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
സങ്കീർത്തനങ്ങൾ 18 : 31 (IRVML)
യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?
സങ്കീർത്തനങ്ങൾ 18 : 32 (IRVML)
എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
സങ്കീർത്തനങ്ങൾ 18 : 33 (IRVML)
അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.
സങ്കീർത്തനങ്ങൾ 18 : 34 (IRVML)
അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 35 (IRVML)
നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 36 (IRVML)
ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
സങ്കീർത്തനങ്ങൾ 18 : 37 (IRVML)
ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 18 : 38 (IRVML)
അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 39 (IRVML)
യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 40 (IRVML)
എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി.
സങ്കീർത്തനങ്ങൾ 18 : 41 (IRVML)
അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവൻ ഉത്തരം അരുളിയതുമില്ല.
സങ്കീർത്തനങ്ങൾ 18 : 42 (IRVML)
ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളി പോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.
സങ്കീർത്തനങ്ങൾ 18 : 43 (IRVML)
ജനത്തിന്റെ കലഹങ്ങളിൽനിന്ന് നീ എന്നെ വിടുവിച്ചു; ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 44 (IRVML)
അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും.
സങ്കീർത്തനങ്ങൾ 18 : 45 (IRVML)
അന്യജനതകൾ ക്ഷയിച്ചുപോകുന്നു; അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു.
സങ്കീർത്തനങ്ങൾ 18 : 46 (IRVML)
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
സങ്കീർത്തനങ്ങൾ 18 : 47 (IRVML)
ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്കു കീഴടക്കിത്തരുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 18 : 48 (IRVML)
അവൻ ശത്രുവിന്റെ കൈയിൽ നിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കുമേൽ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്ന് നീ എന്നെ വിടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 18 : 49 (IRVML)
അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
സങ്കീർത്തനങ്ങൾ 18 : 50 (IRVML)
അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
❮
❯