സങ്കീർത്തനങ്ങൾ 31 : 1 (IRVML)
യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 31 : 2 (IRVML)
നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കണമേ.
സങ്കീർത്തനങ്ങൾ 31 : 3 (IRVML)
നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കണമേ.
സങ്കീർത്തനങ്ങൾ 31 : 4 (IRVML)
അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കണമേ; നീ എന്റെ അഭയസ്ഥാനമാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 31 : 5 (IRVML)
നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 6 (IRVML)
മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകയ്ക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 7 (IRVML)
ഞാൻ നിന്റെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടത കണ്ട് എന്റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 8 (IRVML)
ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകൾ നീ വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 9 (IRVML)
യഹോവേ, എന്നോട് കൃപയുണ്ടാകണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 10 (IRVML)
എന്റെ ആയുസ്സ് ദുഃഖത്തിലും എന്റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം നഷ്ടപ്പെട്ടും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 11 (IRVML)
എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.
സങ്കീർത്തനങ്ങൾ 31 : 12 (IRVML)
മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 13 (IRVML)
“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, എന്റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 14 (IRVML)
എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; “നീ എന്റെ ദൈവം” എന്ന് ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 31 : 15 (IRVML)
എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 31 : 16 (IRVML)
അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 31 : 17 (IRVML)
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 31 : 18 (IRVML)
നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.
സങ്കീർത്തനങ്ങൾ 31 : 19 (IRVML)
നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
സങ്കീർത്തനങ്ങൾ 31 : 20 (IRVML)
നീ അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച് നിന്റെ സാന്നിധ്യത്തിന്റെ സുരക്ഷിതത്വത്തിൽ മറയ്ക്കും. നീ അവരെ നാവുകളുടെ സ്പർദ്ധയിൽനിന്ന് രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.
സങ്കീർത്തനങ്ങൾ 31 : 21 (IRVML)
യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 22 (IRVML)
“ഞാൻ നിന്റെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
സങ്കീർത്തനങ്ങൾ 31 : 23 (IRVML)
യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 31 : 24 (IRVML)
യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24