സങ്കീർത്തനങ്ങൾ 58 : 1 (IRVML)
ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?
സങ്കീർത്തനങ്ങൾ 58 : 2 (IRVML)
നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 58 : 3 (IRVML)
ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞ് തെറ്റിനടക്കുന്നു.
സങ്കീർത്തനങ്ങൾ 58 : 4 (IRVML)
അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടച്ചുകളയുന്ന പൊട്ടയണലിപോലെയാകുന്നു.
സങ്കീർത്തനങ്ങൾ 58 : 5 (IRVML)
എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ ശബ്ദം അത് കേൾക്കുകയില്ല.
സങ്കീർത്തനങ്ങൾ 58 : 6 (IRVML)
ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയണമേ.
സങ്കീർത്തനങ്ങൾ 58 : 7 (IRVML)
ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ; അവൻ തന്റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
സങ്കീർത്തനങ്ങൾ 58 : 8 (IRVML)
അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 58 : 9 (IRVML)
നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായ മാംസമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
സങ്കീർത്തനങ്ങൾ 58 : 10 (IRVML)
നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും; അവൻ തന്റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
സങ്കീർത്തനങ്ങൾ 58 : 11 (IRVML)
ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം” എന്ന് മനുഷ്യർ പറയും.
❮
❯