വെളിപ്പാടു 12 : 1 (IRVML)
സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണ്മാനായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ളൊരു കിരീടവും ഉണ്ടായിരുന്നു.
വെളിപ്പാടു 12 : 2 (IRVML)
അവൾ ഗർഭിണിയായി പ്രസവവേദനയാൽ നോവുകിട്ടി നിലവിളിച്ചു.
വെളിപ്പാടു 12 : 3 (IRVML)
സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു: ഏഴ് തലയും പത്തു കൊമ്പും തലയിൽ ഏഴ് കിരീടവും ഉള്ളതായി വലിയ ഒരു ചുവന്ന മഹാസർപ്പം.
വെളിപ്പാടു 12 : 4 (IRVML)
അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ സർപ്പം അവളുടെ മുമ്പിൽ നിന്നു.
വെളിപ്പാടു 12 : 5 (IRVML)
അവൾ സകലജാതികളെയും ഇരുമ്പുകോൽകൊണ്ട് ഭരിക്കുവാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ ശിശു ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.
വെളിപ്പാടു 12 : 6 (IRVML)
ആയിരത്തിരുന്നൂറ്ററുപത് ദിവസം അവളെ പോറ്റുന്നതിനായി മരുഭൂമിയിൽ അവൾക്കായി ദൈവം ഒരുക്കിയിരുന്നൊരു സ്ഥലത്തേയ്ക്ക് സ്ത്രീ ഓടിപ്പോകയും ചെയ്തു.
വെളിപ്പാടു 12 : 7 (IRVML)
പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും[* മീഖായേല്‍-ദൈവത്തിന്‍റെ പ്രധാന ദൂതന്‍ ] അവന്റെ ദൂതന്മാരും മഹാസർപ്പത്തിനെതിരെ പോരാടി; സർപ്പവും അവന്റെ ദൂതന്മാരും തിരിച്ച് പോരാടിയെങ്കിലും
വെളിപ്പാടു 12 : 8 (IRVML)
ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവർക്ക് ഇടവും ഇല്ലാതായി.
വെളിപ്പാടു 12 : 9 (IRVML)
ലോകത്തെ മുഴുവനും ചതിക്കുന്ന സാത്താൻ എന്നും പിശാച് എന്നും വിളിക്കുന്ന പഴയ പാമ്പായ വലിയ സർപ്പത്തെ ഭൂമിയിലേക്കു പുറത്താക്കിക്കളഞ്ഞു; അവനെയും അവന്റെ അവന്റെ ദൂതന്മാരെയും ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു.
വെളിപ്പാടു 12 : 10 (IRVML)
അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം കേട്ടത്: ഇപ്പോൾ രക്ഷയും ശക്തിയും നമ്മുടെ ദൈവത്തിന്റെ രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാവും പകലും ദൈവത്തിന്റെ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ താഴേക്ക് എറിഞ്ഞുകളഞ്ഞുവല്ലോ.
വെളിപ്പാടു 12 : 11 (IRVML)
അവർ അവനെ കുഞ്ഞാടിന്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു; മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല.
വെളിപ്പാടു 12 : 12 (IRVML)
ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരും ആയുള്ളോരേ, ആനന്ദിപ്പിൻ; എന്നാൽ, അല്പസമയം മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞ് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നതുകൊണ്ട് ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരേ, നിങ്ങൾക്ക് അയ്യോ കഷ്ടം;
വെളിപ്പാടു 12 : 13 (IRVML)
തന്നെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ, അവൻ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്തുടർന്ന് ദ്രോഹിച്ചു.
വെളിപ്പാടു 12 : 14 (IRVML)
എന്നാൽ മഹാസർപ്പത്തിന്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പരന്നുപോകേണ്ടതിന് കഴുകന്റെ വലിയ രണ്ട് ചിറകുകൾ അവൾക്ക് കൊടുത്തു.
വെളിപ്പാടു 12 : 15 (IRVML)
സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്റെ വായിൽ നിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.
വെളിപ്പാടു 12 : 16 (IRVML)
എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ്തുറന്ന് വിഴുങ്ങിക്കളഞ്ഞു.
വെളിപ്പാടു 12 : 17 (IRVML)
അപ്പോൾ സർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു. പിന്നെ സർപ്പം കടൽപ്പുറത്തെ മണലിന്മേൽ നിന്നു[† കടല്‍പ്പുറത്തെ മണലിന്മേല്‍നിന്നത്-സര്‍പ്പം അല്ലെങ്കില്‍ ഞാന്‍ ].
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17