വെളിപ്പാടു 21 : 1 (IRVML)
പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ട്; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനിമേൽ ഇല്ല.
വെളിപ്പാടു 21 : 2 (IRVML)
ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നേ, ഇറങ്ങി വരുന്നത് ഞാൻ കണ്ട്.
വെളിപ്പാടു 21 : 3 (IRVML)
സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ തന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
വെളിപ്പാടു 21 : 4 (IRVML)
അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനിമേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.
വെളിപ്പാടു 21 : 5 (IRVML)
സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.
വെളിപ്പാടു 21 : 6 (IRVML)
പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.
വെളിപ്പാടു 21 : 7 (IRVML)
ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.
വെളിപ്പാടു 21 : 8 (IRVML)
എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.* രണ്ടാമത്തെ മരണം-നിത്യ മരണം
വെളിപ്പാടു 21 : 9 (IRVML)
അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം.”
വെളിപ്പാടു 21 : 10 (IRVML)
അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു.
വെളിപ്പാടു 21 : 11 (IRVML)
അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
വെളിപ്പാടു 21 : 12 (IRVML)
അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു.
വെളിപ്പാടു 21 : 13 (IRVML)
കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ.
വെളിപ്പാടു 21 : 14 (IRVML)
നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്.
വെളിപ്പാടു 21 : 15 (IRVML)
എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു.
വെളിപ്പാടു 21 : 16 (IRVML)
നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
വെളിപ്പാടു 21 : 17 (IRVML)
അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.
വെളിപ്പാടു 21 : 18 (IRVML)
മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.
വെളിപ്പാടു 21 : 19 (IRVML)
മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം,
വെളിപ്പാടു 21 : 20 (IRVML)
അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.
വെളിപ്പാടു 21 : 21 (IRVML)
പന്ത്രണ്ട് വാതിലുകളൂം പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.
വെളിപ്പാടു 21 : 22 (IRVML)
ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു.
വെളിപ്പാടു 21 : 23 (IRVML)
ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്റേയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു.
വെളിപ്പാടു 21 : 24 (IRVML)
രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
വെളിപ്പാടു 21 : 25 (IRVML)
അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
വെളിപ്പാടു 21 : 26 (IRVML)
അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
വെളിപ്പാടു 21 : 27 (IRVML)
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ† ജീവപുസ്തകത്തിൽ പേരില്ലെങ്കിൽ അതിൽ കടക്കുകയില്ല എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം. അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നും തന്നെ അതിൽ കടക്കുകയില്ല.
❮
❯