രൂത്ത് 2 : 1 (IRVML)
നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.
രൂത്ത് 2 : 2 (IRVML)
മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: എന്നോടു ദയ കാണിക്കുന്നവന്റെ വയലിൽ ചെന്ന് കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
രൂത്ത് 2 : 3 (IRVML)
അങ്ങനെ അവൾ വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി; എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്.
രൂത്ത് 2 : 4 (IRVML)
അപ്പോൾ ഇതാ, ബോവസ് ബേത്ത്ലെഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
രൂത്ത് 2 : 5 (IRVML)
കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.
രൂത്ത് 2 : 6 (IRVML)
അതിന് ആ ദാസൻ: ഇവൾ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
രൂത്ത് 2 : 7 (IRVML)
ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അല്പനേരം വീട്ടിൽ വിശ്രമിച്ചു എങ്കിലും അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞു.
രൂത്ത് 2 : 8 (IRVML)
ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
രൂത്ത് 2 : 9 (IRVML)
അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ടല്ലോ? നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവച്ചതിൽനിന്ന് കുടിച്ചുകൊൾക എന്ന് പറഞ്ഞു.
രൂത്ത് 2 : 10 (IRVML)
എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചു കൊണ്ടു അവനോട്: അന്യദേശക്കാരത്തി ആയ എന്നെ കരുതിയതും എന്നോടു ദയ കാണിച്ചതും എന്തുകൊണ്ട് എന്നു ചോദിച്ചു.
രൂത്ത് 2 : 11 (IRVML)
ബോവസ് അവളോടു: നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.
രൂത്ത് 2 : 12 (IRVML)
നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്കു പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
രൂത്ത് 2 : 13 (IRVML)
അതിന് അവൾ: യജമാനനേ, നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോടു നിനക്ക് കൃപ തോന്നിയല്ലോ.
രൂത്ത് 2 : 14 (IRVML)
ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
രൂത്ത് 2 : 15 (IRVML)
അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ശകാരിക്കരുത്.
രൂത്ത് 2 : 16 (IRVML)
കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കണം; അവളെ ശാസിക്കരുത് എന്നും കല്പിച്ചു.
രൂത്ത് 2 : 17 (IRVML)
ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; അതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.
രൂത്ത് 2 : 18 (IRVML)
അവൾ അതു എടുത്തുകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
രൂത്ത് 2 : 19 (IRVML)
അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോടു ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്നു വേല ചെയ്തത് എന്നു അവൾ പറഞ്ഞു.
രൂത്ത് 2 : 20 (IRVML)
നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ മാറ്റാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
രൂത്ത് 2 : 21 (IRVML)
എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്കുക എന്നു കൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
രൂത്ത് 2 : 22 (IRVML)
നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നതു നല്ലത് എന്നു പറഞ്ഞു.
രൂത്ത് 2 : 23 (IRVML)
അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23