രൂത്ത് 4 : 1 (IRVML)
അനന്തരം ബോവസ് പട്ടണവാതില്ക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.
രൂത്ത് 4 : 2 (IRVML)
പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.
രൂത്ത് 4 : 3 (IRVML)
അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;
രൂത്ത് 4 : 4 (IRVML)
നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോടു പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.
രൂത്ത് 4 : 5 (IRVML)
അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അത് അവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങണം എന്നു പറഞ്ഞു.
രൂത്ത് 4 : 6 (IRVML)
അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്കു വീണ്ടെടുക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
രൂത്ത് 4 : 7 (IRVML)
എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്റെ ഉറപ്പിനായി ഒരുവൻ തന്റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു; ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു.
രൂത്ത് 4 : 8 (IRVML)
അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അത് വാങ്ങിക്കൊള്ളുക എന്നു പറഞ്ഞ് തന്റെ ചെരിപ്പൂരിക്കൊടുത്തു.
രൂത്ത് 4 : 9 (IRVML)
അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
രൂത്ത് 4 : 10 (IRVML)
അത്രയുമല്ല, മരിച്ചവന്റെ അവകാശം നിലനിർത്തുന്നതിനും അവന്റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മഹ്ലോന്റെ വിധവ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
രൂത്ത് 4 : 11 (IRVML)
അതിന് പട്ടണവാതില്ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ ഭവനത്തിൽ വന്നിരിക്കുന്ന സ്ത്രീയെ യിസ്രയേൽ ഗൃഹം പണിത റാഹേലിനെപ്പോലെയും ലേയയെപ്പോലെയും യഹോവ ആക്കിത്തീർക്കട്ടെ; നീ ബേത്ത്ലഹേമിൽ, പ്രസിദ്ധനാകയും, എഫ്രാത്തയിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ
രൂത്ത് 4 : 12 (IRVML)
ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
രൂത്ത് 4 : 13 (IRVML)
ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.
രൂത്ത് 4 : 14 (IRVML)
അതിന് സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിന്നെ ഉപേക്ഷിക്കാതെ നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ.
രൂത്ത് 4 : 15 (IRVML)
അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു നല്ലവളുമായ നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്ന് പറഞ്ഞു.
രൂത്ത് 4 : 16 (IRVML)
അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു.
രൂത്ത് 4 : 17 (IRVML)
അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.
രൂത്ത് 4 : 18 (IRVML)
ഫേരെസിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.
രൂത്ത് 4 : 19 (IRVML)
രാം അമ്മീനാദാബിനെ ജനിപ്പിച്ചു.
രൂത്ത് 4 : 20 (IRVML)
അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.
രൂത്ത് 4 : 21 (IRVML)
സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.
രൂത്ത് 4 : 22 (IRVML)
ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22