സെഫന്യാവു 1 : 1 (IRVML)
യെഹൂദാരാജാവായ ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്.
സെഫന്യാവു 1 : 2 (IRVML)
“ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
സെഫന്യാവു 1 : 3 (IRVML)
“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; ഞാൻ ഭൂതലത്തിൽ നിന്ന് മനുഷ്യനെ ഛേദിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
സെഫന്യാവു 1 : 4 (IRVML)
“ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടി പൂജാരികളുടെ പേരിനെയും
സെഫന്യാവു 1 : 5 (IRVML)
മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്ത് നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
സെഫന്യാവു 1 : 6 (IRVML)
യഹോവയെ അന്വേഷിക്കുകയോ അവിടുത്തെക്കുറിച്ച് ചോദിക്കുകയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
സെഫന്യാവു 1 : 7 (IRVML)
യഹോവയായ കർത്താവിന്റെ സന്നിധിയിൽ മൗനമായിരിക്കുക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
സെഫന്യാവു 1 : 8 (IRVML)
എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന എല്ലാവരെയും സന്ദർശിക്കും.
സെഫന്യാവു 1 : 9 (IRVML)
ആ ദിവസം ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന എല്ലാവരെയും സാഹസവും വഞ്ചനയും കൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും.
സെഫന്യാവു 1 : 10 (IRVML)
അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരുശലേമിന്റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്.
സെഫന്യാവു 1 : 11 (IRVML)
മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
സെഫന്യാവു 1 : 12 (IRVML)
ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് പറഞ്ഞ് വീഞ്ഞുകുടിച്ച് കിടക്കുന്ന പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും.
സെഫന്യാവു 1 : 13 (IRVML)
അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല.
സെഫന്യാവു 1 : 14 (IRVML)
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അതിവേഗം അടുത്ത് വരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
സെഫന്യാവു 1 : 15 (IRVML)
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
സെഫന്യാവു 1 : 16 (IRVML)
ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ.
സെഫന്യാവു 1 : 17 (IRVML)
മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും.
സെഫന്യാവു 1 : 18 (IRVML)
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18