1 രാജാക്കന്മാർ 16 : 1 (MOV)
ബയെശകൂ വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
1 രാജാക്കന്മാർ 16 : 2 (MOV)
ഞാൻ നിന്നെ പൊടിയിൽനിന്നു ഉയർത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാൽ
1 രാജാക്കന്മാർ 16 : 3 (MOV)
ഇതാ ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.
1 രാജാക്കന്മാർ 16 : 4 (MOV)
ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
1 രാജാക്കന്മാർ 16 : 5 (MOV)
ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 16 : 6 (MOV)
ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.
1 രാജാക്കന്മാർ 16 : 7 (MOV)
ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
1 രാജാക്കന്മാർ 16 : 8 (MOV)
യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണു.
1 രാജാക്കന്മാർ 16 : 9 (MOV)
എന്നാൽ രഥങ്ങളിൽ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സയിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ
1 രാജാക്കന്മാർ 16 : 10 (MOV)
സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
1 രാജാക്കന്മാർ 16 : 11 (MOV)
അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല.
1 രാജാക്കന്മാർ 16 : 12 (MOV)
അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം
1 രാജാക്കന്മാർ 16 : 13 (MOV)
യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
1 രാജാക്കന്മാർ 16 : 14 (MOV)
ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 16 : 15 (MOV)
യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു.
1 രാജാക്കന്മാർ 16 : 16 (MOV)
സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
1 രാജാക്കന്മാർ 16 : 17 (MOV)
ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ നിരോധിച്ചു.
1 രാജാക്കന്മാർ 16 : 18 (MOV)
പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു അതിൽ മരിച്ചുകളഞ്ഞു.
1 രാജാക്കന്മാർ 16 : 19 (MOV)
അവൻ യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താൻ ചെയ്ത പാപങ്ങൾനിമിത്തം തന്നേ.
1 രാജാക്കന്മാർ 16 : 20 (MOV)
സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 16 : 21 (MOV)
അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു.
1 രാജാക്കന്മാർ 16 : 22 (MOV)
എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
1 രാജാക്കന്മാർ 16 : 23 (MOV)
യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.
1 രാജാക്കന്മാർ 16 : 24 (MOV)
പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
1 രാജാക്കന്മാർ 16 : 25 (MOV)
ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
1 രാജാക്കന്മാർ 16 : 26 (MOV)
എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
1 രാജാക്കന്മാർ 16 : 27 (MOV)
ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 16 : 28 (MOV)
ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
1 രാജാക്കന്മാർ 16 : 29 (MOV)
യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
1 രാജാക്കന്മാർ 16 : 30 (MOV)
ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
1 രാജാക്കന്മാർ 16 : 31 (MOV)
നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
1 രാജാക്കന്മാർ 16 : 32 (MOV)
താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.
1 രാജാക്കന്മാർ 16 : 33 (MOV)
ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
1 രാജാക്കന്മാർ 16 : 34 (MOV)
അവന്റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.
❮
❯