1 ശമൂവേൽ 1 : 1 (MOV)
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
1 ശമൂവേൽ 1 : 2 (MOV)
എൽക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
1 ശമൂവേൽ 1 : 3 (MOV)
അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
1 ശമൂവേൽ 1 : 4 (MOV)
എൽക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരികൊടുക്കും.
1 ശമൂവേൽ 1 : 5 (MOV)
ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
1 ശമൂവേൽ 1 : 6 (MOV)
യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
1 ശമൂവേൽ 1 : 7 (MOV)
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണി കിടന്നു.
1 ശമൂവേൽ 1 : 8 (MOV)
അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
1 ശമൂവേൽ 1 : 9 (MOV)
അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
1 ശമൂവേൽ 1 : 10 (MOV)
അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
1 ശമൂവേൽ 1 : 11 (MOV)
അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
1 ശമൂവേൽ 1 : 12 (MOV)
ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
1 ശമൂവേൽ 1 : 13 (MOV)
ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
1 ശമൂവേൽ 1 : 14 (MOV)
ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
1 ശമൂവേൽ 1 : 15 (MOV)
അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
1 ശമൂവേൽ 1 : 16 (MOV)
അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
1 ശമൂവേൽ 1 : 17 (MOV)
അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 1 : 18 (MOV)
അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
1 ശമൂവേൽ 1 : 19 (MOV)
അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.
1 ശമൂവേൽ 1 : 20 (MOV)
ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
1 ശമൂവേൽ 1 : 21 (MOV)
പിന്നെ എൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.
1 ശമൂവേൽ 1 : 22 (MOV)
എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
1 ശമൂവേൽ 1 : 23 (MOV)
അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.
1 ശമൂവേൽ 1 : 24 (MOV)
അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
1 ശമൂവേൽ 1 : 25 (MOV)
അവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
1 ശമൂവേൽ 1 : 26 (MOV)
അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.
1 ശമൂവേൽ 1 : 27 (MOV)
ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
1 ശമൂവേൽ 1 : 28 (MOV)
അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.
❮
❯