2 ദിനവൃത്താന്തം 13 : 1 (MOV)
യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി.
2 ദിനവൃത്താന്തം 13 : 2 (MOV)
അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിന്നും യൊരോബെയാമിന്നും തമ്മിൽ യുദ്ധം ഉണ്ടായി.
2 ദിനവൃത്താന്തം 13 : 3 (MOV)
അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.
2 ദിനവൃത്താന്തം 13 : 4 (MOV)
എന്നാൽ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുംകൊണ്ടു പറഞ്ഞതു: യെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
2 ദിനവൃത്താന്തം 13 : 5 (MOV)
യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13 : 6 (MOV)
എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.
2 ദിനവൃത്താന്തം 13 : 7 (MOV)
നീചന്മാരായ നിസ്സാരന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാർഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോടു എതിർത്തുനില്പാൻ അവന്നു കഴിഞ്ഞില്ല.
2 ദിനവൃത്താന്തം 13 : 8 (MOV)
നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
2 ദിനവൃത്താന്തം 13 : 9 (MOV)
നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങൾക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവെക്കു പുരോഹിതനായ്തീരുന്നു.
2 ദിനവൃത്താന്തം 13 : 10 (MOV)
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
2 ദിനവൃത്താന്തം 13 : 11 (MOV)
അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കന്നു; പൊൻ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
2 ദിനവൃത്താന്തം 13 : 12 (MOV)
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാർത്ഥരാകയില്ല;
2 ദിനവൃത്താന്തം 13 : 13 (MOV)
എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി.
2 ദിനവൃത്താന്തം 13 : 14 (MOV)
യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു.
2 ദിനവൃത്താന്തം 13 : 15 (MOV)
യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
2 ദിനവൃത്താന്തം 13 : 16 (MOV)
യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;
2 ദിനവൃത്താന്തം 13 : 17 (MOV)
അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു.
2 ദിനവൃത്താന്തം 13 : 18 (MOV)
ഇങ്ങനെ യിസ്രായേല്യർക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.
2 ദിനവൃത്താന്തം 13 : 19 (MOV)
അബീയാവു യൊരോബെയാമിനെ പിന്തുടർന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നേ.
2 ദിനവൃത്താന്തം 13 : 20 (MOV)
യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,
2 ദിനവൃത്താന്തം 13 : 21 (MOV)
അവൻ മരിച്ചുപോയി. എന്നാൽ അബീയാവു ബലവാനായ്തീർന്നു; അവൻ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
2 ദിനവൃത്താന്തം 13 : 22 (MOV)
അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

BG:

Opacity:

Color:


Size:


Font: