2 ദിനവൃത്താന്തം 22 : 1 (MOV)
യെരൂശലേംനിവാസികൾ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
2 ദിനവൃത്താന്തം 22 : 2 (MOV)
അഹസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു.
2 ദിനവൃത്താന്തം 22 : 3 (MOV)
അവനും ആഹാബ്ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.
2 ദിനവൃത്താന്തം 22 : 4 (MOV)
അതുകൊണ്ടു അവൻ ആഹാബ്ഗൃഹത്തെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.
2 ദിനവൃത്താന്തം 22 : 5 (MOV)
അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
2 ദിനവൃത്താന്തം 22 : 6 (MOV)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസർയ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രെയേലിൽ ചെന്നു.
2 ദിനവൃത്താന്തം 22 : 7 (MOV)
യോരാമിന്റെ അടുക്കൽ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
2 ദിനവൃത്താന്തം 22 : 8 (MOV)
യേഹൂ ആഹാബ്ഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ടു അവരെ കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 22 : 9 (MOV)
പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമർയ്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവർ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആർക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു.
2 ദിനവൃത്താന്തം 22 : 10 (MOV)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
2 ദിനവൃത്താന്തം 22 : 11 (MOV)
എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവൾ അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.
2 ദിനവൃത്താന്തം 22 : 12 (MOV)
അവൻ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.

1 2 3 4 5 6 7 8 9 10 11 12