2 രാജാക്കന്മാർ 13 : 1 (MOV)
യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ പതിനേഴു സംവത്സരം വാണു.
2 രാജാക്കന്മാർ 13 : 2 (MOV)
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
2 രാജാക്കന്മാർ 13 : 3 (MOV)
ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
2 രാജാക്കന്മാർ 13 : 4 (MOV)
എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
2 രാജാക്കന്മാർ 13 : 5 (MOV)
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
2 രാജാക്കന്മാർ 13 : 6 (MOV)
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമർയ്യയിൽ നീക്കം വന്നില്ല.
2 രാജാക്കന്മാർ 13 : 7 (MOV)
അവൻ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
2 രാജാക്കന്മാർ 13 : 8 (MOV)
യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 13 : 9 (MOV)
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമർയ്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
2 രാജാക്കന്മാർ 13 : 10 (MOV)
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ പതിനൊന്നു സംവത്സരം വാണു.
2 രാജാക്കന്മാർ 13 : 11 (MOV)
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
2 രാജാക്കന്മാർ 13 : 12 (MOV)
യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 13 : 13 (MOV)
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമർയ്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
2 രാജാക്കന്മാർ 13 : 14 (MOV)
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 13 : 15 (MOV)
എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
2 രാജാക്കന്മാർ 13 : 16 (MOV)
അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽ വെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
2 രാജാക്കന്മാർ 13 : 17 (MOV)
കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 13 : 18 (MOV)
അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചു നിർത്തി.
2 രാജാക്കന്മാർ 13 : 19 (MOV)
അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രവാശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 13 : 20 (MOV)
എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
2 രാജാക്കന്മാർ 13 : 21 (MOV)
ചിലർ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
2 രാജാക്കന്മാർ 13 : 22 (MOV)
എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
2 രാജാക്കന്മാർ 13 : 23 (MOV)
യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
2 രാജാക്കന്മാർ 13 : 24 (MOV)
അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന്നു പകരം രാജാവായി.
2 രാജാക്കന്മാർ 13 : 25 (MOV)
യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.
❮
❯