2 രാജാക്കന്മാർ 7 : 1 (MOV)
അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമർയ്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 2 (MOV)
രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 3 (MOV)
അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
2 രാജാക്കന്മാർ 7 : 4 (MOV)
പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 5 (MOV)
അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.
2 രാജാക്കന്മാർ 7 : 6 (MOV)
കർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 7 (MOV)
അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.
2 രാജാക്കന്മാർ 7 : 8 (MOV)
ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.
2 രാജാക്കന്മാർ 7 : 9 (MOV)
പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 10 (MOV)
അങ്ങനെ അവർ പട്ടണവാതിൽക്കൽ ചെന്നു കാവൽക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 11 (MOV)
അവൻ കാവൽക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.
2 രാജാക്കന്മാർ 7 : 12 (MOV)
രാജാവു രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർ അറിഞ്ഞിട്ടു: അവർ പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7 : 13 (MOV)
അതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
2 രാജാക്കന്മാർ 7 : 14 (MOV)
അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.
2 രാജാക്കന്മാർ 7 : 15 (MOV)
അവർ യോർദ്ദാൻ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
2 രാജാക്കന്മാർ 7 : 16 (MOV)
അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
2 രാജാക്കന്മാർ 7 : 17 (MOV)
രാജാവു തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.
2 രാജാക്കന്മാർ 7 : 18 (MOV)
നാളെ ഈ നേരത്തു ശമർയ്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോടു:
2 രാജാക്കന്മാർ 7 : 19 (MOV)
യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവൻ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
2 രാജാക്കന്മാർ 7 : 20 (MOV)
അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതിൽക്കൽവെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.
❮
❯