2 ശമൂവേൽ 19 : 1 (MOV)
രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
2 ശമൂവേൽ 19 : 2 (MOV)
എന്നാൽ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീർന്നു.
2 ശമൂവേൽ 19 : 3 (MOV)
ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
2 ശമൂവേൽ 19 : 4 (MOV)
രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
2 ശമൂവേൽ 19 : 5 (MOV)
അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞതു: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
2 ശമൂവേൽ 19 : 6 (MOV)
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
2 ശമൂവേൽ 19 : 7 (MOV)
ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനർത്ഥത്തെക്കാളും വലിയ അനർത്ഥമായ്തീരും.
2 ശമൂവേൽ 19 : 8 (MOV)
അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവു പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
2 ശമൂവേൽ 19 : 9 (MOV)
യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്കു ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യിൽ നിന്നു നമ്മെ വിടുവിച്ചതും അവൻ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവൻ നാടുവിട്ടു ഓടിപ്പോയിരിക്കുന്നു.
2 ശമൂവേൽ 19 : 10 (MOV)
നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 11 (MOV)
അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതു: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു.
2 ശമൂവേൽ 19 : 12 (MOV)
നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പരായി നില്ക്കുന്നതു എന്തു?
2 ശമൂവേൽ 19 : 13 (MOV)
നിങ്ങൾ അമാസയോടു: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ.
2 ശമൂവേൽ 19 : 14 (MOV)
ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.
2 ശമൂവേൽ 19 : 15 (MOV)
അങ്ങനെ രാജാവു മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
2 ശമൂവേൽ 19 : 16 (MOV)
ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.
2 ശമൂവേൽ 19 : 17 (MOV)
അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവു കാൺകെ യോർദ്ദാൻ കടന്നു ചെന്നു.
2 ശമൂവേൽ 19 : 18 (MOV)
രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:
2 ശമൂവേൽ 19 : 19 (MOV)
എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ.
2 ശമൂവേൽ 19 : 20 (MOV)
അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേൽക്കേണ്ടതിന്നു ഇറങ്ങി വരുവാൻ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 21 (MOV)
എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
2 ശമൂവേൽ 19 : 22 (MOV)
അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 23 (MOV)
പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
2 ശമൂവേൽ 19 : 24 (MOV)
ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസം മുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
2 ശമൂവേൽ 19 : 25 (MOV)
എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവു അവനോടു: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
2 ശമൂവേൽ 19 : 26 (MOV)
അതിന്നു അവൻ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.
2 ശമൂവേൽ 19 : 27 (MOV)
അവൻ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക.
2 ശമൂവേൽ 19 : 28 (MOV)
യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോടു ആവലാധി പറവാൻ അടിയന്നു ഇനി എന്തു അവകാശമുള്ളു?
2 ശമൂവേൽ 19 : 29 (MOV)
രാജാവു അവനോടു: നീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 30 (MOV)
മെഫീബോശെത്ത് രാജാവിനോടു: അല്ല, അവൻ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 31 (MOV)
ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു.
2 ശമൂവേൽ 19 : 32 (MOV)
ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
2 ശമൂവേൽ 19 : 33 (MOV)
രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 34 (MOV)
ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
2 ശമൂവേൽ 19 : 35 (MOV)
എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
2 ശമൂവേൽ 19 : 36 (MOV)
അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
2 ശമൂവേൽ 19 : 37 (MOV)
എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവെച്ചു മരിക്കേണ്ടതിന്നു അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
2 ശമൂവേൽ 19 : 38 (MOV)
അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 39 (MOV)
പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവു യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
2 ശമൂവേൽ 19 : 40 (MOV)
രാജാവു ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
2 ശമൂവേൽ 19 : 41 (MOV)
അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയതു എന്തു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 42 (MOV)
അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
2 ശമൂവേൽ 19 : 43 (MOV)
യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കൽ ഞങ്ങൾക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ടു; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43

BG:

Opacity:

Color:


Size:


Font: