2 ശമൂവേൽ 2 : 1 (MOV)
അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
2 ശമൂവേൽ 2 : 2 (MOV)
അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
2 ശമൂവേൽ 2 : 3 (MOV)
ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.
2 ശമൂവേൽ 2 : 4 (MOV)
അപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
2 ശമൂവേൽ 2 : 5 (MOV)
ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
2 ശമൂവേൽ 2 : 6 (MOV)
യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും.
2 ശമൂവേൽ 2 : 7 (MOV)
ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൌൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
2 ശമൂവേൽ 2 : 8 (MOV)
എന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
2 ശമൂവേൽ 2 : 9 (MOV)
അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലായിസ്രായേല്യർക്കും രാജാവാക്കി,
2 ശമൂവേൽ 2 : 10 (MOV)
ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു.
2 ശമൂവേൽ 2 : 11 (MOV)
ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
2 ശമൂവേൽ 2 : 12 (MOV)
നേരിന്റെ മകൻ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
2 ശമൂവേൽ 2 : 13 (MOV)
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
2 ശമൂവേൽ 2 : 14 (MOV)
അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 2 : 15 (MOV)
അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
2 ശമൂവേൽ 2 : 16 (MOV)
ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.
2 ശമൂവേൽ 2 : 17 (MOV)
അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
2 ശമൂവേൽ 2 : 18 (MOV)
അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
2 ശമൂവേൽ 2 : 19 (MOV)
അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
2 ശമൂവേൽ 2 : 20 (MOV)
അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു.
2 ശമൂവേൽ 2 : 21 (MOV)
അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല.
2 ശമൂവേൽ 2 : 22 (MOV)
അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
2 ശമൂവേൽ 2 : 23 (MOV)
എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
2 ശമൂവേൽ 2 : 24 (MOV)
യോവാബും അബീശായിയും അബ്നോരിനെ പിന്തുടർന്നു; അവർ ഗിബെയോൻ മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
2 ശമൂവേൽ 2 : 25 (MOV)
ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻ മുകളിൽനിന്നു.
2 ശമൂവേൽ 2 : 26 (MOV)
അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
2 ശമൂവേൽ 2 : 27 (MOV)
അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 2 : 28 (MOV)
ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല.
2 ശമൂവേൽ 2 : 29 (MOV)
അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
2 ശമൂവേൽ 2 : 30 (MOV)
യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
2 ശമൂവേൽ 2 : 31 (MOV)
എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
2 ശമൂവേൽ 2 : 32 (MOV)
അസാഹേലിനെ അവർ എടുത്തു ബേത്ത്ളേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

BG:

Opacity:

Color:


Size:


Font: