2 തെസ്സലൊനീക്യർ 2 : 1 (MOV)
ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:
2 തെസ്സലൊനീക്യർ 2 : 2 (MOV)
കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
2 തെസ്സലൊനീക്യർ 2 : 3 (MOV)
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
2 തെസ്സലൊനീക്യർ 2 : 4 (MOV)
അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
2 തെസ്സലൊനീക്യർ 2 : 5 (MOV)
നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?
2 തെസ്സലൊനീക്യർ 2 : 6 (MOV)
അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
2 തെസ്സലൊനീക്യർ 2 : 7 (MOV)
അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
2 തെസ്സലൊനീക്യർ 2 : 8 (MOV)
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
2 തെസ്സലൊനീക്യർ 2 : 9 (MOV)
അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
2 തെസ്സലൊനീക്യർ 2 : 10 (MOV)
അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
2 തെസ്സലൊനീക്യർ 2 : 11 (MOV)
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
2 തെസ്സലൊനീക്യർ 2 : 12 (MOV)
ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
2 തെസ്സലൊനീക്യർ 2 : 13 (MOV)
ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
2 തെസ്സലൊനീക്യർ 2 : 14 (MOV)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
2 തെസ്സലൊനീക്യർ 2 : 15 (MOV)
ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
2 തെസ്സലൊനീക്യർ 2 : 16 (MOV)
നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
2 തെസ്സലൊനീക്യർ 2 : 17 (MOV)
നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
❮
❯