ആവർത്തനം 23 : 1 (MOV)
ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
ആവർത്തനം 23 : 2 (MOV)
കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
ആവർത്തനം 23 : 3 (MOV)
ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
ആവർത്തനം 23 : 4 (MOV)
നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയിൽ നിങ്ങളെ വന്നെതിരേൽക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
ആവർത്തനം 23 : 5 (MOV)
എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവെക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
ആവർത്തനം 23 : 6 (MOV)
ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
ആവർത്തനം 23 : 7 (MOV)
ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
ആവർത്തനം 23 : 8 (MOV)
മൂന്നാം തലമുറയായി അവർക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.
ആവർത്തനം 23 : 9 (MOV)
ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷികൊള്ളേണം.
ആവർത്തനം 23 : 10 (MOV)
രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
ആവർത്തനം 23 : 11 (MOV)
സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
ആവർത്തനം 23 : 12 (MOV)
ബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
ആവർത്തനം 23 : 13 (MOV)
നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.
ആവർത്തനം 23 : 14 (MOV)
നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
ആവർത്തനം 23 : 15 (MOV)
യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.
ആവർത്തനം 23 : 16 (MOV)
അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
ആവർത്തനം 23 : 17 (MOV)
യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
ആവർത്തനം 23 : 18 (MOV)
വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
ആവർത്തനം 23 : 19 (MOV)
പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
ആവർത്തനം 23 : 20 (MOV)
അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
ആവർത്തനം 23 : 21 (MOV)
നിന്റെ ദൈവമായ യഹോവെക്കു നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
ആവർത്തനം 23 : 22 (MOV)
നേരാതിരിക്കുന്നതു പാപം ആകയില്ല.
ആവർത്തനം 23 : 23 (MOV)
നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
ആവർത്തനം 23 : 24 (MOV)
കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
ആവർത്തനം 23 : 25 (MOV)
കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.
❮
❯