ആവർത്തനം 28 : 1 (MOV)
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
ആവർത്തനം 28 : 2 (MOV)
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
ആവർത്തനം 28 : 3 (MOV)
വയലിൽ നീ അനുഗ്രഹിക്കപ്പെടും.
ആവർത്തനം 28 : 4 (MOV)
നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
ആവർത്തനം 28 : 5 (MOV)
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
ആവർത്തനം 28 : 6 (MOV)
അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
ആവർത്തനം 28 : 7 (MOV)
നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.
ആവർത്തനം 28 : 8 (MOV)
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
ആവർത്തനം 28 : 9 (MOV)
നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
ആവർത്തനം 28 : 10 (MOV)
യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
ആവർത്തനം 28 : 11 (MOV)
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും.
ആവർത്തനം 28 : 12 (MOV)
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
ആവർത്തനം 28 : 13 (MOV)
ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
ആവർത്തനം 28 : 14 (MOV)
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
ആവർത്തനം 28 : 15 (MOV)
എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
ആവർത്തനം 28 : 16 (MOV)
പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
ആവർത്തനം 28 : 17 (MOV)
നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
ആവർത്തനം 28 : 18 (MOV)
നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
ആവർത്തനം 28 : 19 (MOV)
അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
ആവർത്തനം 28 : 20 (MOV)
എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
ആവർത്തനം 28 : 21 (MOV)
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
ആവർത്തനം 28 : 22 (MOV)
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
ആവർത്തനം 28 : 23 (MOV)
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
ആവർത്തനം 28 : 24 (MOV)
യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.
ആവർത്തനം 28 : 25 (MOV)
ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽ നിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
ആവർത്തനം 28 : 26 (MOV)
നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
ആവർത്തനം 28 : 27 (MOV)
പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
ആവർത്തനം 28 : 28 (MOV)
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
ആവർത്തനം 28 : 29 (MOV)
കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
ആവർത്തനം 28 : 30 (MOV)
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
ആവർത്തനം 28 : 31 (MOV)
നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
ആവർത്തനം 28 : 32 (MOV)
നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
ആവർത്തനം 28 : 33 (MOV)
നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
ആവർത്തനം 28 : 34 (MOV)
നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.
ആവർത്തനം 28 : 35 (MOV)
സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും.
ആവർത്തനം 28 : 36 (MOV)
യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
ആവർത്തനം 28 : 37 (MOV)
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
ആവർത്തനം 28 : 38 (MOV)
നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
ആവർത്തനം 28 : 39 (MOV)
നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
ആവർത്തനം 28 : 40 (MOV)
ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
ആവർത്തനം 28 : 41 (MOV)
നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
ആവർത്തനം 28 : 42 (MOV)
നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
ആവർത്തനം 28 : 43 (MOV)
നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
ആവർത്തനം 28 : 44 (MOV)
അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
ആവർത്തനം 28 : 45 (MOV)
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നുപിടിക്കയും ചെയ്യും.
ആവർത്തനം 28 : 46 (MOV)
അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
ആവർത്തനം 28 : 47 (MOV)
സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
ആവർത്തനം 28 : 48 (MOV)
യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.
ആവർത്തനം 28 : 49 (MOV)
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
ആവർത്തനം 28 : 50 (MOV)
വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
ആവർത്തനം 28 : 51 (MOV)
നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
ആവർത്തനം 28 : 52 (MOV)
നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
ആവർത്തനം 28 : 53 (MOV)
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
ആവർത്തനം 28 : 54 (MOV)
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
ആവർത്തനം 28 : 55 (MOV)
ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
ആവർത്തനം 28 : 56 (MOV)
ദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാർവ്വിടത്തിലെ ഭർത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
ആവർത്തനം 28 : 57 (MOV)
ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
ആവർത്തനം 28 : 58 (MOV)
നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
ആവർത്തനം 28 : 59 (MOV)
യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും
ആവർത്തനം 28 : 60 (MOV)
നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.
ആവർത്തനം 28 : 61 (MOV)
ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
ആവർത്തനം 28 : 62 (MOV)
സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
ആവർത്തനം 28 : 63 (MOV)
നിങ്ങൾക്കു ഗുണംചെയ്വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
ആവർത്തനം 28 : 64 (MOV)
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
ആവർത്തനം 28 : 65 (MOV)
ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
ആവർത്തനം 28 : 66 (MOV)
നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
ആവർത്തനം 28 : 67 (MOV)
നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
ആവർത്തനം 28 : 68 (MOV)
നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല. 69 ഹോരേബിൽവെച്ചു യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.
❮
❯