സഭാപ്രസംഗി 8 : 1 (MOV)
ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവർ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
സഭാപ്രസംഗി 8 : 2 (MOV)
ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
സഭാപ്രസംഗി 8 : 3 (MOV)
നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
സഭാപ്രസംഗി 8 : 4 (MOV)
രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?
സഭാപ്രസംഗി 8 : 5 (MOV)
കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
സഭാപ്രസംഗി 8 : 6 (MOV)
സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.
സഭാപ്രസംഗി 8 : 7 (MOV)
സംഭവിപ്പാനിരിക്കുന്നതു അവൻ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആർ അറിയിക്കും?
സഭാപ്രസംഗി 8 : 8 (MOV)
ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
സഭാപ്രസംഗി 8 : 9 (MOV)
ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യന്നു മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവെച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
സഭാപ്രസംഗി 8 : 10 (MOV)
നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു; അതും മായ അത്രേ.
സഭാപ്രസംഗി 8 : 11 (MOV)
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു.
സഭാപ്രസംഗി 8 : 12 (MOV)
പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.
സഭാപ്രസംഗി 8 : 13 (MOV)
എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.
സഭാപ്രസംഗി 8 : 14 (MOV)
ഭൂമിയിൽ നടക്കുന്ന ഒരുമായ ഉണ്ടു: നീതിമാന്മാർക്കു ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാൻ പറഞ്ഞു.
സഭാപ്രസംഗി 8 : 15 (MOV)
ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്കുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു.
സഭാപ്രസംഗി 8 : 16 (MOV)
ഭൂമിയിൽ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവെച്ചപ്പോൾ
സഭാപ്രസംഗി 8 : 17 (MOV)
സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17