പുറപ്പാടു് 17 : 1 (MOV)
അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
പുറപ്പാടു് 17 : 2 (MOV)
അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.
പുറപ്പാടു് 17 : 3 (MOV)
ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.
പുറപ്പാടു് 17 : 4 (MOV)
മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 17 : 5 (MOV)
യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.
പുറപ്പാടു് 17 : 6 (MOV)
ഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
പുറപ്പാടു് 17 : 7 (MOV)
യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
പുറപ്പാടു് 17 : 8 (MOV)
രെഫീദീമിൽവെച്ചു അമാലേൿ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
പുറപ്പാടു് 17 : 9 (MOV)
അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു.
പുറപ്പാടു് 17 : 10 (MOV)
മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻ മുകളിൽ കയറി.
പുറപ്പാടു് 17 : 11 (MOV)
മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേൿ ജയിക്കും.
പുറപ്പാടു് 17 : 12 (MOV)
എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
പുറപ്പാടു് 17 : 13 (MOV)
യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു.
പുറപ്പാടു് 17 : 14 (MOV)
യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
പുറപ്പാടു് 17 : 15 (MOV)
പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
പുറപ്പാടു് 17 : 16 (MOV)
യഹോവയുടെ സീംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.
❮
❯