പുറപ്പാടു് 28 : 1 (MOV)
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നേ
പുറപ്പാടു് 28 : 2 (MOV)
നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
പുറപ്പാടു് 28 : 3 (MOV)
അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.
പുറപ്പാടു് 28 : 4 (MOV)
അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
പുറപ്പാടു് 28 : 5 (MOV)
അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
പുറപ്പാടു് 28 : 6 (MOV)
പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
പുറപ്പാടു് 28 : 7 (MOV)
അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
പുറപ്പാടു് 28 : 8 (MOV)
അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.
പുറപ്പാടു് 28 : 9 (MOV)
അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.
പുറപ്പാടു് 28 : 10 (MOV)
അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.
പുറപ്പാടു് 28 : 11 (MOV)
രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;
പുറപ്പാടു് 28 : 12 (MOV)
കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കു വേണ്ടി ഓർമ്മക്കല്ലായി വെക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
പുറപ്പാടു് 28 : 13 (MOV)
പൊന്നുകൊണ്ടു തടങ്ങൾ ഉണ്ടാക്കേണം.
പുറപ്പാടു് 28 : 14 (MOV)
തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം.
പുറപ്പാടു് 28 : 15 (MOV)
ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
പുറപ്പാടു് 28 : 16 (MOV)
അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം.
പുറപ്പാടു് 28 : 17 (MOV)
അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
പുറപ്പാടു് 28 : 18 (MOV)
രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.
പുറപ്പാടു് 28 : 19 (MOV)
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
പുറപ്പാടു് 28 : 20 (MOV)
നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽപൊന്നിൽ പതിച്ചിരിക്കേണം.
പുറപ്പാടു് 28 : 21 (MOV)
ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
പുറപ്പാടു് 28 : 22 (MOV)
പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
പുറപ്പാടു് 28 : 23 (MOV)
പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
പുറപ്പാടു് 28 : 24 (MOV)
പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
പുറപ്പാടു് 28 : 25 (MOV)
മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
പുറപ്പാടു് 28 : 26 (MOV)
പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം.
പുറപ്പാടു് 28 : 27 (MOV)
പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്തു അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.
പുറപ്പാടു് 28 : 28 (MOV)
പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.
പുറപ്പാടു് 28 : 29 (MOV)
അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
പുറപ്പാടു് 28 : 30 (MOV)
ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
പുറപ്പാടു് 28 : 31 (MOV)
ഏഫോദിന്റെ അങ്കി മുഴുവനും നീല നൂൽകൊണ്ടു ഉണ്ടാക്കേണം.
പുറപ്പാടു് 28 : 32 (MOV)
അതിന്റെ നടുവിൽ തല കടപ്പാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാൻ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
പുറപ്പാടു് 28 : 33 (MOV)
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
പുറപ്പാടു് 28 : 34 (MOV)
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
പുറപ്പാടു് 28 : 35 (MOV)
ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം.
പുറപ്പാടു് 28 : 36 (MOV)
തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
പുറപ്പാടു് 28 : 37 (MOV)
അതു മുടിമേൽ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്തു ഇരിക്കേണം.
പുറപ്പാടു് 28 : 38 (MOV)
യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവർക്കു പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം.
പുറപ്പാടു് 28 : 39 (MOV)
പഞ്ഞിനൂൽകൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ടു ഉണ്ടാക്കേണം.
പുറപ്പാടു് 28 : 40 (MOV)
അഹരോന്റെ പുത്രന്മാർക്കു മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.
പുറപ്പാടു് 28 : 41 (MOV)
അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
പുറപ്പാടു് 28 : 42 (MOV)
അവരുടെ നഗ്നത മറെപ്പാൻ അവർക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.
പുറപ്പാടു് 28 : 43 (MOV)
അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ സമാഗമന കൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43