പുറപ്പാടു് 32 : 1 (MOV)
എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 32 : 2 (MOV)
അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
പുറപ്പാടു് 32 : 3 (MOV)
ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
പുറപ്പാടു് 32 : 4 (MOV)
അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 32 : 5 (MOV)
അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.
പുറപ്പാടു് 32 : 6 (MOV)
പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.
പുറപ്പാടു് 32 : 7 (MOV)
അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.
പുറപ്പാടു് 32 : 8 (MOV)
ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 32 : 9 (MOV)
ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
പുറപ്പാടു് 32 : 10 (MOV)
അതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.
പുറപ്പാടു് 32 : 11 (MOV)
എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
പുറപ്പാടു് 32 : 12 (MOV)
മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
പുറപ്പാടു് 32 : 13 (MOV)
നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
പുറപ്പാടു് 32 : 14 (MOV)
അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.
പുറപ്പാടു് 32 : 15 (MOV)
മോശെ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
പുറപ്പാടു് 32 : 16 (MOV)
പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
പുറപ്പാടു് 32 : 17 (MOV)
ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
പുറപ്പാടു് 32 : 18 (MOV)
അതിന്നു അവൻ: ജയിച്ചു ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു.
പുറപ്പാടു് 32 : 19 (MOV)
അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
പുറപ്പാടു് 32 : 20 (MOV)
അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
പുറപ്പാടു് 32 : 21 (MOV)
മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
പുറപ്പാടു് 32 : 22 (MOV)
അതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
പുറപ്പാടു് 32 : 23 (MOV)
ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു.
പുറപ്പാടു് 32 : 24 (MOV)
ഞാൻ അവരോടു: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അതു എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
പുറപ്പാടു് 32 : 25 (MOV)
അവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടു കളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു:
പുറപ്പാടു് 32 : 26 (MOV)
യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
പുറപ്പാടു് 32 : 27 (MOV)
അവൻ അവരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരെക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്നു ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 32 : 28 (MOV)
ലേവ്യർ മോശെ പറഞ്ഞതു പോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു.
പുറപ്പാടു് 32 : 29 (MOV)
യഹോവ ഇന്നു നിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങൾ ഇന്നു ഓരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു.
പുറപ്പാടു് 32 : 30 (MOV)
പിറ്റെന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു.
പുറപ്പാടു് 32 : 31 (MOV)
അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
പുറപ്പാടു് 32 : 32 (MOV)
എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
പുറപ്പാടു് 32 : 33 (MOV)
യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.
പുറപ്പാടു് 32 : 34 (MOV)
ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 32 : 35 (MOV)
അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.
❮
❯