പുറപ്പാടു് 38 : 1 (MOV)
അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
പുറപ്പാടു് 38 : 2 (MOV)
അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.
പുറപ്പാടു് 38 : 3 (MOV)
ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
പുറപ്പാടു് 38 : 4 (MOV)
അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.
പുറപ്പാടു് 38 : 5 (MOV)
താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
പുറപ്പാടു് 38 : 6 (MOV)
ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.
പുറപ്പാടു് 38 : 7 (MOV)
യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
പുറപ്പാടു് 38 : 8 (MOV)
സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
പുറപ്പാടു് 38 : 9 (MOV)
അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 10 (MOV)
അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 11 (MOV)
വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽ ചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 12 (MOV)
പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 13 (MOV)
കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
പുറപ്പാടു് 38 : 14 (MOV)
വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 15 (MOV)
മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 16 (MOV)
ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ടു ആയിരുന്നു.
പുറപ്പാടു് 38 : 17 (MOV)
തൂണുകൾക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.
പുറപ്പാടു് 38 : 18 (MOV)
എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.
പുറപ്പാടു് 38 : 19 (MOV)
അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 20 (MOV)
തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികൾ ഒക്കെയും താമ്രം ആയിരുന്നു.
പുറപ്പാടു് 38 : 21 (MOV)
മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിന്നുണ്ടായ ചെലവു എന്തെന്നാൽ:
പുറപ്പാടു് 38 : 22 (MOV)
യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
പുറപ്പാടു് 38 : 23 (MOV)
അവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 24 (MOV)
വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 25 (MOV)
സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 26 (MOV)
ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെൽ ആകുന്നു.
പുറപ്പാടു് 38 : 27 (MOV)
വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
പുറപ്പാടു് 38 : 28 (MOV)
ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
പുറപ്പാടു് 38 : 29 (MOV)
വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 30 (MOV)
അതുകൊണ്ടു അവൻ സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും
പുറപ്പാടു് 38 : 31 (MOV)
ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31