പുറപ്പാടു് 4 : 1 (MOV)
അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.
പുറപ്പാടു് 4 : 2 (MOV)
യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.
പുറപ്പാടു് 4 : 3 (MOV)
അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.
പുറപ്പാടു് 4 : 4 (MOV)
യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.
പുറപ്പാടു് 4 : 5 (MOV)
ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു
പുറപ്പാടു് 4 : 6 (MOV)
യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
പുറപ്പാടു് 4 : 7 (MOV)
നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
പുറപ്പാടു് 4 : 8 (MOV)
എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.
പുറപ്പാടു് 4 : 9 (MOV)
ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.
പുറപ്പാടു് 4 : 10 (MOV)
മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 4 : 11 (MOV)
അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
പുറപ്പാടു് 4 : 12 (MOV)
ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 4 : 13 (MOV)
എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..
പുറപ്പാടു് 4 : 14 (MOV)
അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
പുറപ്പാടു് 4 : 15 (MOV)
നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.
പുറപ്പാടു് 4 : 16 (MOV)
നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.
പുറപ്പാടു് 4 : 17 (MOV)
അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.
പുറപ്പാടു് 4 : 18 (MOV)
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു..
പുറപ്പാടു് 4 : 19 (MOV)
യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 4 : 20 (MOV)
അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
പുറപ്പാടു് 4 : 21 (MOV)
യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
പുറപ്പാടു് 4 : 22 (MOV)
നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.
പുറപ്പാടു് 4 : 23 (MOV)
എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.
പുറപ്പാടു് 4 : 24 (MOV)
എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.
പുറപ്പാടു് 4 : 25 (MOV)
അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.
പുറപ്പാടു് 4 : 26 (MOV)
ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.
പുറപ്പാടു് 4 : 27 (MOV)
എന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.
പുറപ്പാടു് 4 : 28 (MOV)
യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
പുറപ്പാടു് 4 : 29 (MOV)
പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.
പുറപ്പാടു് 4 : 30 (MOV)
യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.
പുറപ്പാടു് 4 : 31 (MOV)
അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31