പുറപ്പാടു് 5 : 1 (MOV)
അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 5 : 2 (MOV)
അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
പുറപ്പാടു് 5 : 3 (MOV)
അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
പുറപ്പാടു് 5 : 4 (MOV)
മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിൻ എന്നു പറഞ്ഞു.
പുറപ്പാടു് 5 : 5 (MOV)
ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.
പുറപ്പാടു് 5 : 6 (MOV)
അന്നു ഫറവോൻ ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:
പുറപ്പാടു് 5 : 7 (MOV)
ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.
പുറപ്പാടു് 5 : 8 (MOV)
എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
പുറപ്പാടു് 5 : 9 (MOV)
അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
പുറപ്പാടു് 5 : 10 (MOV)
അവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല,
പുറപ്പാടു് 5 : 11 (MOV)
നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 5 : 12 (MOV)
അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
പുറപ്പാടു് 5 : 13 (MOV)
ഊഴിയ വിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
പുറപ്പാടു് 5 : 14 (MOV)
ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
പുറപ്പാടു് 5 : 15 (MOV)
അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രാമണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
പുറപ്പാടു് 5 : 16 (MOV)
അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 5 : 17 (MOV)
അതിന്നു അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു.
പുറപ്പാടു് 5 : 18 (MOV)
പോയി വേല ചെയ്‍വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കു പോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.
പുറപ്പാടു് 5 : 19 (MOV)
ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രാമണികൾ കണ്ടു.
പുറപ്പാടു് 5 : 20 (MOV)
അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,
പുറപ്പാടു് 5 : 21 (MOV)
അവരോടു നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
പുറപ്പാടു് 5 : 22 (MOV)
അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കർത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?
പുറപ്പാടു് 5 : 23 (MOV)
ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
❮
❯