പുറപ്പാടു് 8 : 1 (MOV)
യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
പുറപ്പാടു് 8 : 2 (MOV)
നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.
പുറപ്പാടു് 8 : 3 (MOV)
നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
പുറപ്പാടു് 8 : 4 (MOV)
തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
പുറപ്പാടു് 8 : 5 (MOV)
യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻ മേലും പുഴകളിൻ മേലും കുളങ്ങളിൻ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.
പുറപ്പാടു് 8 : 6 (MOV)
അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻ മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
പുറപ്പാടു് 8 : 7 (MOV)
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.
പുറപ്പാടു് 8 : 8 (MOV)
എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാർത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
പുറപ്പാടു് 8 : 9 (MOV)
മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.
പുറപ്പാടു് 8 : 10 (MOV)
നാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;
പുറപ്പാടു് 8 : 11 (MOV)
തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു.
പുറപ്പാടു് 8 : 12 (MOV)
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാർത്ഥിച്ചു.
പുറപ്പാടു് 8 : 13 (MOV)
മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
പുറപ്പാടു് 8 : 14 (MOV)
അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.
പുറപ്പാടു് 8 : 15 (MOV)
എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാടു് 8 : 16 (MOV)
അപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു.
പുറപ്പാടു് 8 : 17 (MOV)
അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പേൻ ആയ്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീർന്നു.
പുറപ്പാടു് 8 : 18 (MOV)
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു:
പുറപ്പാടു് 8 : 19 (MOV)
ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാടു് 8 : 20 (MOV)
പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
പുറപ്പാടു് 8 : 21 (MOV)
നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിൻ മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.
പുറപ്പാടു് 8 : 22 (MOV)
ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻ ദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും.
പുറപ്പാടു് 8 : 23 (MOV)
എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും.
പുറപ്പാടു് 8 : 24 (MOV)
യഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
പുറപ്പാടു് 8 : 25 (MOV)
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു.
പുറപ്പാടു് 8 : 26 (MOV)
അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ?
പുറപ്പാടു് 8 : 27 (MOV)
ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.
പുറപ്പാടു് 8 : 28 (MOV)
അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
പുറപ്പാടു് 8 : 29 (MOV)
അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.
പുറപ്പാടു് 8 : 30 (MOV)
അങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു.
പുറപ്പാടു് 8 : 31 (MOV)
യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി.
പുറപ്പാടു് 8 : 32 (MOV)
എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
❮
❯