യേഹേസ്കേൽ 21 : 1 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 21 : 2 (MOV)
മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേൽദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേൽദേശത്തോടു പറയേണ്ടതു:
യേഹേസ്കേൽ 21 : 3 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാൾ ഉറയിൽനിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.
യേഹേസ്കേൽ 21 : 4 (MOV)
ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ടു, തെക്കുമുതൽ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും.
യേഹേസ്കേൽ 21 : 5 (MOV)
യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയെന്നു സകലജഡവും അറിയും.
യേഹേസ്കേൽ 21 : 6 (MOV)
അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
യേഹേസ്കേൽ 21 : 7 (MOV)
എന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 21 : 8 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 21 : 9 (MOV)
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.
യേഹേസ്കേൽ 21 : 10 (MOV)
കുല നടത്തുവാൻ അതിന്നു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
യേഹേസ്കേൽ 21 : 11 (MOV)
ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
യേഹേസ്കേൽ 21 : 12 (MOV)
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
യേഹേസ്കേൽ 21 : 13 (MOV)
അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 21 : 14 (MOV)
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
യേഹേസ്കേൽ 21 : 15 (MOV)
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കുലെക്കായി കൂർപ്പിച്ചിരിക്കുന്നു.
യേഹേസ്കേൽ 21 : 16 (MOV)
പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.
യേഹേസ്കേൽ 21 : 17 (MOV)
ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
യേഹേസ്കേൽ 21 : 18 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 21 : 19 (MOV)
മനുഷ്യപുത്രാ, ബാബേൽ രാജാവിന്റെ വാൾ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കൽ നാട്ടുക.
യേഹേസ്കേൽ 21 : 20 (MOV)
അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.
യേഹേസ്കേൽ 21 : 21 (MOV)
ബാബേൽരാജാവു ഇരുവഴിത്തലെക്കൽ, വഴിത്തിരിവിങ്കൽ തന്നേ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു.
യേഹേസ്കേൽ 21 : 22 (MOV)
യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വൻ കുലെക്കായി വായ്പിളർന്നു ആർപ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യിൽ വന്നിരിക്കുന്നു.
യേഹേസ്കേൽ 21 : 23 (MOV)
എന്നാൽ അതു അവർക്കു വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന്നു അവർ അകൃത്യം ഓർപ്പിക്കുന്നു.
യേഹേസ്കേൽ 21 : 24 (MOV)
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാൽ പിടിക്കും.
യേഹേസ്കേൽ 21 : 25 (MOV)
നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാൾ വന്നിരിക്കുന്നു.
യേഹേസ്കേൽ 21 : 26 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
യേഹേസ്കേൽ 21 : 27 (MOV)
ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.
യേഹേസ്കേൽ 21 : 28 (MOV)
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
യേഹേസ്കേൽ 21 : 29 (MOV)
അന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
യേഹേസ്കേൽ 21 : 30 (MOV)
അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,
യേഹേസ്കേൽ 21 : 31 (MOV)
ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
യേഹേസ്കേൽ 21 : 32 (MOV)
നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32