യേഹേസ്കേൽ 26 : 1 (MOV)
പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 26 : 2 (MOV)
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
യേഹേസ്കേൽ 26 : 3 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
യേഹേസ്കേൽ 26 : 4 (MOV)
അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
യേഹേസ്കേൽ 26 : 5 (MOV)
അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.
യേഹേസ്കേൽ 26 : 6 (MOV)
നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.
യേഹേസ്കേൽ 26 : 7 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
യേഹേസ്കേൽ 26 : 8 (MOV)
അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും.
യേഹേസ്കേൽ 26 : 9 (MOV)
അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകർത്തുകളയും.
യേഹേസ്കേൽ 26 : 10 (MOV)
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
യേഹേസ്കേൽ 26 : 11 (MOV)
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
യേഹേസ്കേൽ 26 : 12 (MOV)
അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
യേഹേസ്കേൽ 26 : 13 (MOV)
നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല.
യേഹേസ്കേൽ 26 : 14 (MOV)
ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 26 : 15 (MOV)
യഹോവയായ കർത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ?
യേഹേസ്കേൽ 26 : 16 (MOV)
അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവെക്കും; അവർ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
യേഹേസ്കേൽ 26 : 17 (MOV)
അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
യേഹേസ്കേൽ 26 : 18 (MOV)
ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.
യേഹേസ്കേൽ 26 : 19 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
യേഹേസ്കേൽ 26 : 20 (MOV)
ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനിൽക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും.
യേഹേസ്കേൽ 26 : 21 (MOV)
ഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21